ഓവല്‍: ലങ്കയെ ചാമ്പലാക്കി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിലെത്താനുള്ള ഇന്ത്യയുടെ മോഹത്തിന് തിരിച്ചടി. ഇന്ത്യയുടെ ദയനീയ ബൗളിങ്ങിനെ ധീരമായി ചെറുത്ത ലങ്ക ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ടൂര്‍ണമെന്റിലെ ശ്രീലങ്കയുടെ ആദ്യ ജയമാണിത്. ഇന്ത്യയുടെ ആദ്യ തോല്‍വിയും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ ഉജ്വല സെഞ്ചുറിയുടെ ബലത്തില്‍ അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് നേടിയത്. എട്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ഈ ലക്ഷ്യം മറികടന്നു.

ബാറ്റ്‌സ്മാന്മാരായ ഗുണതിലക (76), മെന്‍ഡിസ് (89), പെരേര (47), മാത്യൂസ് (52 നോട്ടൗട്ട്), ഗുണരത്നെ (34 നോട്ടൗട്ട്) എന്നിവരുടെ കിടയറ്റ ബാറ്റിങ്ങാണ് ലങ്കയ്ക്ക് വീരോചിതമായ ജയം സമ്മാനിച്ചത്.

അഞ്ചാം ഓവറില്‍ തന്നെ പതിനൊന്ന് റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് ഗുണതിലകയും മെന്‍ഡിസും ചേര്‍ന്ന് അവരെ സുരക്ഷിതമായ അവസ്ഥയില്‍ എത്തിക്കുകയായിരുന്നു.

 ഇരുവരും അപ്രതീക്ഷിതമായി റണ്ണൗട്ടായെങ്കിലും ലങ്ക തളര്‍ന്നില്ല. പെരേരയും മാത്യൂസും ഇൗ മികവ് തുടര്‍ന്ന്. പെരേര പിന്നീട് പരിക്കേറ്റാണ് മടങ്ങിയത്. ഭുവനേശ്വർ കുമാറിന് മാത്രമാണ് ഇന്ത്യൻ നിരയിൽ വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞത്. രണ്ട് പേർ റണ്ണൗട്ടാവുകയായിരുന്നു.

ശിഖര്‍ ധവാന്റെ സെഞ്ചുറിയും രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ എം.എസ്. ധോനിയുടെയും അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറുകളില്‍ കേദാര്‍ ജാദവിന്റെ വെടിക്കെട്ടിന്റെയും ബലത്തിലാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ മികച്ച സ്കോർ പടുത്തുയർത്തിയത്.

പാകിസ്താനെതിരായ ആദ്യ മത്സരത്തിലെന്നപോലെ രണ്ടാം മത്സരത്തിലും ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ധവാനും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 138 റണ്‍സാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. രോഹിത് ശര്‍മ 79 പന്തില്‍ നിന്ന് 78 റണ്‍സെടുത്താണ് പുറത്തായത്.

തുടര്‍ന്നു വന്ന ക്യാപ്റ്റന്‍ വിരാട് കോലി അഞ്ച് നേരിട്ട് റണ്ണൊന്നും എടുക്കാതെയും യുവരാജ് സിങ് ഏഴ് റണ്‍ മാത്രം സംഭാവന ചെയ്തും മടങ്ങിയെങ്കിലും മുന്‍ നായകന്‍ ധോനിയും ധവാനും ചേര്‍ന്ന് സ്‌കോര്‍ ഒന്നാന്തരമായി മുന്നോട്ടുനയിച്ചു.

128 പന്തില്‍ നിന്ന് 125 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്. ധവാന്റെ പത്താം ഏകദിന സെഞ്ചുറിയാണിത്. പതിനഞ്ച് ബൗണ്ടിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ധോനി 47 പന്തില്‍ നിന്ന് 63 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ 10.4 ഓവറില്‍ 82 റണ്‍സാണ് ഇവര്‍ നേടിയത്.

ധവാന്‍ മടങ്ങിയശേഷം വന്ന ഹര്‍ദിക് പാണ്ഡ്യ കൂറ്റന്‍ അടിക്ക് ശ്രമിച്ചെങ്കിലും വലിയ ഫലമുണ്ടായില്ല. പാണ്ഡ്യ അഞ്ച് പന്തില്‍ നിന്ന് ഒന്‍പത് റണ്ണെടുത്ത് മടങ്ങി. കേദാര്‍ ജാദവായിരുന്നു കൂടുല്‍ ഫലപ്രദം. പതിമൂന്ന് പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജാദവാണ് ഇന്ത്യയ്ക്ക് സുരക്ഷിതമായ സ്‌കോര്‍ സമ്മാനിച്ചത്. ധോനി പുറത്തായ അവസാന ഓവറില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും അടക്കം പതിനാല് റണ്‍സാണ് ജാദവ് നേടിയത്.

ശ്രീലങ്കയ്ക്കുവേണ്ടി മലിംഗ രണ്ടും ലക്മാല്‍, പ്രദീപ്, പെരേര, ഗുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

IND XI: RG Sharma, S Dhawan, V Kohli, Y Singh, MS Dhoni, K Jadhav, H Pandya, R Jadeja, B Kumar, U Yadav, J Bumrah

SL XI: N Dickwella, D Gunathilaka,   K Mendis, D Chandimal, A Mathews, K Perera, A Gunaratne, T Perera, S Lakmal, L Malinga, N Pradeep