ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓവലിലെ കളിക്കളത്തിലിറങ്ങുമ്പോള്‍ പാകിസ്താന് നഷ്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല. അതു തന്നെയായിരുന്നു അവരുടെ ആത്മവിശ്വാസവും. ബാറ്റു കൊണ്ടും പന്തു കൊണ്ടും ആ ആത്മവിശ്വാസത്തെ അവര്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ ഇന്ത്യ നാണക്കേടുമായി തല കുനിച്ച് ക്രീസ് വിട്ടു. പാകിസ്താന്‍ മുന്നോട്ടുവെച്ച 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒന്ന് പൊരുതി നില്‍ക്കാന്‍ പോലും തുനിയാതെ 30.3  ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. 180 റണ്‍സിന്റെ വിജയത്തോടെ ചാമ്പ്യന്‍സ് ട്രോഫി പാകിസ്താന് സ്വന്തം. 2009ലെ ടിട്വന്റി കിരീടത്തിന് ശേഷം പാകിസ്താന്‍ നേടുന്ന അന്താരാഷ്ട്ര കിരീടമാണിത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ ആദ്യ കിരീടവും.

പാക് പേസര്‍മാരും സ്പിന്നര്‍മാരും ഒരേ മികവോടെ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനും പുറകെ ഒന്നായി കൂടാരം കയറി. ഇന്ത്യയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മുഹമ്മദ് ആമിര്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി. മൂന്നാം ഓവര്‍ എറിയാനെത്തിയ ആമിര്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഇത്തവണ അഞ്ചു റണ്‍സെടുത്ത വിരാട് കോലിയാണ് ക്രീസ് വിട്ടത്. പിന്നീട് ധവാനും യുവരാജും മെല്ലെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോകവെ ഒമ്പതാം ഓവറുമായി ആമിര്‍ വീണ്ടും അവതരിച്ചു. 22 പന്തില്‍ 21 റണ്‍സെടുത്ത ധവാന്‍ സര്‍ഫറാസിന്റെ കൈകളിലെത്തി. 

യുവരാജ് സിങ്ങിനും അധികം ആയുസ്സുണ്ടായില്ല. 31 പന്തില്‍ 22 റണ്‍സെടുത്ത യുവിയെ ഷദബ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ധോനി ഇന്ത്യയെ വിജയത്തിലേക്കത്തിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് ബാക്കിയുണ്ടായിരുന്നു. ഹസ്സന്‍ അലി അതും തല്ലിക്കെടുത്തി. ധോനി നാല് റണ്ണിന് പുറത്ത്. പിന്നാലെ ഒമ്പത് റണ്ണെടുത്ത കേദര്‍ ജാദവിനെ പുറത്താക്കി ഷദബ് രണ്ടാം വിക്കറ്റ് നേടി.

Mohammed Aamir

എന്നാല്‍ ഇതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കി. സ്‌കോറിങ് വേഗത്തിലാക്കിയ ഹാര്‍ദിക് 43 പന്തില്‍ നാലു ഫോറും ആറു സിക്‌സുമടക്കം 76 റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടിന്റെ രൂപത്തില്‍ പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ജഡേജക്കൊപ്പം 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പാണ്ഡ്യ ക്രീസ് വിട്ടത്. ജഡേജ (15), അശ്വിന്‍ (1), ബുംറ(1) എന്നിവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു റണ്ണുമായി ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു. ആമിറും ഹസ്സന്‍ അലിയും മൂന്നും ഷദബ് ഖാന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാന്‍ ഒരു വിക്കറ്റെടുത്തു

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ഏകദിന കരിയറില്‍ കന്നി സെഞ്ചുറി കുറിച്ച ഫകര്‍ സമാനും അര്‍ധസെഞ്ചുറി നേടിയ അസഹര്‍ അലിയും ഹഫീസും 46 റണ്‍സടിച്ച ബാബര്‍ അസമും ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സെഞ്ചുറി കൂട്ടുകെട്ടുമായി കളി തുടങ്ങിയ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത് 128 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയ ശേഷമാണ്. പിന്നീട് രണ്ടാം വിക്കറ്റില്‍ സമാനും ബാബറും ചേര്‍ന്ന് 72 റണ്‍സടിച്ചെടുത്തു. 106 പന്തില്‍ 12 ഫോറും മൂന്നു സിക്‌സുമടക്കം 114 റണ്‍സ് നേടിയ സമാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു.

Mohammad Amir

മൂന്നും നാലും വിക്കറ്റുകള്‍ (മാലിക്ക്, ബാബര്‍) 20 റണ്‍സെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട പാകിസ്താനായി അവസാന ഓവറില്‍ മുഹമ്മദ് ഹഫീസും ഇമാദ് വസീമും അടിച്ചു തകര്‍ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 7.3  ഓവറില്‍ 71  റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 21 പന്തില്‍ 25 റണ്‍സുമായി ഇമാദ് വസീമും പുറത്താകാതെ നിന്നു. 

ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തല്ല് വാങ്ങിക്കൂട്ടിയപ്പോള്‍ അല്‍പമെങ്കിലും മികച്ചു നിന്നത് ഭുവനേശ്വര്‍ കുമാറാണ്. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും കേദര്‍ ജാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

IND XI: RG Sharma, S Dhawan, V Kohli, Y Singh, MS Dhoni, K Jadhav, H Pandya, R Jadeja, R Ashwin, B Kumar, J Bumrah

PAK XI: Azhar Ali, F Zaman, B Azam, M Hafeez, S Malik, S Ahmed, I Wasim, M Amir, S Khan, H Ali, J Khan

ലൈവ് അപ്‌ഡേറ്റ്‌സ്:

ബുംറയെ ഹസ്സന്‍ അലിയുടെ പന്തില്‍ സര്‍ഫറാസ് അഹമ്മദ് പിടിച്ചു പുറത്താക്കി. 30.3 ഓവറില്‍ ഇന്ത്യ 158 റണ്‍സിന് പുറത്ത്. പാകിസ്താന് ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം

ഒമ്പതാം വിക്കറ്റും പോയി. അശ്വിനെ ഹസ്സന്‍ അലി പുറത്താക്കി

എട്ടാം വിക്കറ്റും പോയി, 15 റണ്‍സെടുത്ത ജഡേജയെ ജുനൈദ് ഖാന്‍ ബാബര്‍ അസമിന്റെ കെകകളിലെത്തിച്ചു. ഇന്ത്യ 27.3 ഓവറില്‍ എട്ടു വിക്കറ്റിന് 156 റണ്‍സ്‌

ഹാര്‍ദിക് പാണ്ഡ്യയും പുറത്ത്, ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. 27-ാം ഓവറില്‍ പാണ്ഡ്യ റണ്‍ഔട്ടാകുകയിരുന്നു.43 പന്തില്‍ നാല് ഫോറും ആറു സിക്‌സും അടക്കം 76 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്.

ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ, ഹാര്‍ദിക് പാണ്ഡ്യക്ക് അര്‍ധസെഞ്ചുറി. പാണ്ഡ്യക്ക് 34 പന്തില്‍ 58 റണ്‍സ്

കേദര്‍ ജാദവും പുറത്ത്. ഇന്ത്യ തോല്‍വിയിലേക്ക്. 13 പന്തില്‍ ഒമ്പത് റണ്‍സെടുത്ത കേദറിനെ ഷദബ് ഖാന്‍ സര്‍ഫറാസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇന്ത്യ് 17 ഓവറില്‍ ആറു വിക്കറ്റിന് 72 റണ്‍സ് 

ധോനിയും പുറത്ത്. ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വാസിം ക്യാച്ച് ചെയ്തു, 16 പന്തില്‍ നാല് റണ്‍സാണ് ധോനി നേടിയത്. ഇന്ത്യ 13.3 ഓവറില്‍ അഞ്ചു വിക്കറ്റിന് 54

ഇന്ത്യയെ വീണ്ടും ഞെട്ടിച്ച് പാകിസ്താന്‍, യുവരാജും പുറത്ത്. 12-ാം ഓവറില്‍ ഷദബ് ഖാന്‍ യുവരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അമ്പയര്‍ ഔട്ട് വിളിച്ചതിനെ തുടര്‍ന്ന് പാക് ടീം റിവ്യൂ നല്‍കുകയായിരുന്നു. 31 പന്തില്‍ 22 റണ്‍സാണ് യുവി നേടിയത്.

Mohammad Amir

മുഹമ്മദ് ആമിറിന് മൂന്നാം വിക്കറ്റ്. ഒമ്പതാം ഓവറില്‍ ശിഖര്‍ ധവാനും പുറത്ത്. 22 പന്തില്‍ 21 റണ്‍സ് നേടിയ ധവാനെ ആമിര്‍ സര്‍ഫറാസിന്റെ കൈയിലെത്തിച്ചു. ഇന്ത്യ ഒമ്പത് ഓവറില്‍ മൂന്ന് വിക്കറ്റിന് 33

ഇന്ത്യക്ക് മോശം തുടക്കം, ആറു റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റ് നഷ്ടം. കോലി അഞ്ചു റണ്ണിനും രോഹിത് പൂജ്യത്തിനും പുറത്ത്. രണ്ടു വിക്കറ്റും ആമിറിന്‌

Fakhar Zaman

പാക് ഇന്നിങ്‌സ് അവസാനിച്ചു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 338

ബാബര്‍ അസമും പുറത്ത്, പാകിസ്താന് നാല് വിക്കറ്റ് നഷ്ടം. 52 പന്തില്‍ 46 റണ്‍സെടുത്ത ബാബറിനെ ജാദവ് യുവരാജിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 

ഷുഐബ് മാലിക്കും പുറത്ത്, 39-ാം ഓവറില്‍ ഭുവനേശ്വറിന്റെ പന്തില്‍ കേദര്‍ ജാദവ് ക്യാച്ചെടുത്തു. മാലിക്കിന് 16 പന്തില്‍ 12 റണ്‍സ്. പാകിസ്താന്‍ 40 ഓവറില്‍ 247/3

പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടമായി. 34-ാം ഓവറില്‍ ഫകര്‍ സമാന്‍ പുറത്ത്, ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ജഡേജക്ക് ക്യാച്ച്. 106 പന്തില്‍ 12 ഫോറും മൂന്നു സിക്‌സുമടക്കം 114 റണ്‍സ് നേടി

ഫകര്‍ സമാന് 96 പന്തില്‍ 106 റണ്‍സ്. പാകിസ്താന്‍ 31 ഓവറില്‍ ഒരു വിക്കറ്റിന് 186. സമാന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി

26-ാം ഓവറില്‍ ജഡേജ വഴങ്ങിയത് 16 റണ്‍സ്. ഫകര്‍ അലി രണ്ടു ഫോറും ഒരു സിക്‌സും നേടി

23-ാം ഓവറില്‍ അസ്ഹര്‍ അലി പുറത്ത്. 71 പന്തില്‍ 59 റണ്‍സ് നേടിയ അസ്ഹര്‍ അലി റണ്‍ഔട്ടാകുകയായിരുന്നു. ബുംറയുടെ പന്ത് പിടിച്ചെടുത്ത് ധോനി സ്റ്റമ്പ് ചെയ്തു.

അസ്ഹര്‍ അലിക്കും ഫകര്‍ സമാനും അര്‍ധസെഞ്ചുറി

pakistan cricket

19 ഓവറില്‍ 100 റണ്‍സ് പിന്നിട്ടു

10 ഓവറില്‍ 56/0

ആറു ഓവറില്‍ 36/0

ബുംറയുടെ പന്തില്‍ ഫകര്‍ സമാന്റെ ഷോട്ട് ധോനിയുടെ കൈയില്‍, പക്ഷേ നോ ബോള്‍

പാകിസ്താന്‍ മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഏഴ് റണ്‍സ്‌

മെയ്ഡന്‍ ഓവറുമായി ഭുവനേശ്വര്‍ കുമാര്‍, ഇന്ത്യക്ക് മികച്ച തുടക്കം

ഇന്ത്യന്‍ ടീം ദേശീയ ഗാനത്തിനായി അണിനിരക്കുന്നു

 ഹോക്കി ഇന്ത്യയുടെ ആശംസ

 ഇന്ത്യ, പാക് ആരാധകര്‍

india fan

pak fan