ലണ്ടന്‍: ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തില്‍ പന്തെറിഞ്ഞ ബംഗ്ലാദേശിനെ ഇംഗ്ലണ്ട് അടിച്ചൊതുക്കി.  എട്ടാം ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇംഗ്ലണ്ട്് എട്ട് വിക്കറ്റ് ജയം നേടി. 

ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ആറു വിക്കറ്റിന് 305 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 129 പന്തില്‍ 133 ജോ റൂട്ടിന്റെ തിളക്കമാര്‍ന്ന പ്രകടനമാണ് ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 

അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് (86 പന്തില്‍ 98), പുറത്താകാതെ 61 പന്തില്‍ 75 ണ്‍സുമായി ഇയോണ്‍ മോര്‍ഗന്‍ എന്നിവര്‍ റൂട്ടിന് പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ടിന് വിജയം അനായസാമായി. ഓപ്പണര്‍ ജേസണ്‍ റോയിയാണ് ഇംഗ്ലണ്ട് നിരയില്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയത്. 10 ഓവറില്‍ 59 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നു

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തമീം ഇഖ്ബാലിന്റെ സെഞ്ചുറി (128)ക്കൊപ്പം മുഷ്ഫിഖര്‍ റഹിമിന്റെ (79) അര്‍ധസെഞ്ചുറിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും ബോളിങ്‌നിര തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവല്‍ ഗ്രൗണ്ടില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.