ലണ്ടന്‍: അനില്‍ കുംബ്ലെയെക്കുറിച്ചുള്ള ഇന്ത്യന്‍ ടീമംഗങ്ങളുടെ പ്രതികരണം അറിയാന്‍ കളിക്കാരെ താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബി.സി.സി.ഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി. കുംബ്ലെയും ടീമംഗങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ ഗാംഗുലി ഇടപെട്ടുവെന്നും ഇന്ത്യന്‍ ടീമുമായി സംസാരിച്ചുവെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ടീം ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
''താന്‍ ആരെയും കണ്ടിട്ടില്ല. എട്ടു മണി മുതല്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. കളിക്കാരെ കാണണമെന്ന് വിചാരിച്ചിരുന്നു. കോലിയോടും സംസാരിക്കേണ്ടതായിരുന്നു. എന്നാല്‍ കൂടിക്കാഴ്ച്ച നടന്നില്ല'' ഗാംഗുലി പറഞ്ഞു.
ടീമിനുള്ളിലെ പ്രശ്നങ്ങള്‍ മാറ്റിവെച്ച് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ''കോലി ഇന്ത്യന്‍ ക്യാപ്റ്റനാണ്. കുംബ്ലെ പരിശീലകനും. പ്രശ്നം എങ്ങനെ പരിഹരിക്കണം എന്നതിനെ കുറിച്ച് അവര്‍ക്ക് രണ്ടു പേര്‍ക്കും ബോധ്യമുണ്ട്. ഇപ്പോള്‍ മിണ്ടാതിരുന്ന് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്''-ഗാംഗുലി വ്യക്തമാക്കി.
ചാമ്പ്യന്‍സ് ട്രോഫിയോടെ പരിശീലക സ്ഥാനത്ത് നിന്ന് കുംബ്ലെയെ മാറ്റുന്ന കാര്യത്തില്‍ തനിക്ക് കൂടുതലൊന്നും അറയില്ലെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും ഗാംഗുലി പറഞ്ഞു. കോലിയും കുംബ്ലെയും ഉത്തരവാദിത്ത ബോധമുള്ള താരങ്ങളാണെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.