ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്താന്‍ അവസാന കച്ചിത്തുരുമ്പായ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഓസ്‌ട്രേലിയ കളത്തിന് പുറത്തായി. ഓസീസ് പരാജയപ്പെട്ടതോടെ എ ഗ്രൂപ്പില്‍ നിന്ന് ബംഗ്ലാദേശ് സെമിയില്‍ പ്രവേശിച്ചു. ഡക്ക്വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് 40 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. 

ടോസ് നഷ്ടപ്പെട്ട്  ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിങ്ങിയ ഇംഗ്ലണ്ട് ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റിങ് കരുത്തില്‍ അനായാസം വിജയത്തിലേക്ക് അടുക്കവെ മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. ഈ സമയം ഇംഗ്ലണ്ട് 40.2 ഓവറില്‍ 240 റണ്‍സ് അടിച്ചിരുന്നു. പിന്നീട് ഇംഗ്ലണ്ട് മഴ നിയമ പ്രകാരം 40 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചു.

ആദ്യ രണ്ട് മത്സരത്തില്‍ ജയിച്ച് നേരത്തെ തന്നെ സെമിയിലെത്തിയ ഇംഗ്ലണ്ട് ഒട്ടും സമര്‍ദ്ദമില്ലാതെയാണ് കളത്തിലിറങ്ങിയത്. സ്റ്റോക്‌സിന്റെ സെഞ്ച്വുറിയും (102) ഇയാന്‍ മോര്‍ഗന്‍ നേടിയ 87 റണ്‍സും ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തേകി. ആദ്യത്തെ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരെ ഓസീസ് ബൗളര്‍മാര്‍ മടക്കി. രണ്ടാമനായി ഇറങ്ങിയ ജോ റൂട്ടിനും അധികം ആയുസുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിന്റെ തുടരെയുള്ള വിക്കറ്റ് വീഴ്ച കംഗാരുക്കള്‍ക്ക് ശുഭപ്രതീക്ഷ നല്‍കിയെങ്കിലും പിന്നാലെ എത്തിയ മോര്‍ഗനും സ്‌റ്റോക്‌സും അത് തല്ലിക്കെടുത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് തുടക്കത്തിലും മധ്യനിരയിലും നന്നായി കളിച്ചെങ്കിലും അവസാന 10 ഓവറുകളില്‍ കളി മറക്കുകയായിരുന്നു. 15 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകളാണ് ഓസീസിന് നഷ്ടപ്പെട്ടത്. രണ്ടാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും നേടിയ 96 റണ്‍സിന്റെ കൂട്ടുകെട്ടും അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ മാക്സ്വെല്ലും ട്രാവിസ് ഹെഡും ചേര്‍ന്ന് നേടിയ  58 റണ്‍സും ഓസീസ് ഇന്നിങ്സില്‍ നിര്‍ണായകമായി. 

പുറത്താകാതെ 71 റണ്‍സ് നേടിയ ട്രാവിഡ് ഹെഡാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച് 68 റണ്‍സും സ്റ്റീവ് സ്മിത്ത് 56 റണ്‍സും നേടി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആദില്‍ റാഷിദും മാര്‍ക്ക് വുഡുമാണ് തുടക്കത്തിലെ മുന്‍തൂക്കത്തില്‍ നിന്ന് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഓസീസിനെ തടഞ്ഞത്.