ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കക്കെതിരെയും പാകിസ്താനെതിരെയുമുള്ള മത്സരത്തില്‍ ഇന്ത്യ കളിച്ചത് സ്പിന്‍ ബൗളറായ അശ്വിനില്ലാതെയാണ്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ അശ്വിനെ തഴഞ്ഞതില്‍ ചില ആരാധകര്‍ക്ക് അമര്‍ഷവുമുണ്ട്.

ഇതിന് വിശദീകരണവുമായി കോലി തന്നെ രംഗത്തെത്തിയിരുന്നു. ടീം തെരഞ്ഞെടുപ്പിനെ കുറിച്ച് അശ്വിന് നന്നായി അറിയാമെന്നും തന്നേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്നവനാണ് അശ്വിനെന്നും കോലി പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ പിച്ചില്‍ പെയ്‌സ് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നതിനാലാണ് അശ്വിനെ പുറത്തിയിരുത്തിയതെന്നും കോലി വിശദീകരിച്ചു.

എന്നാല്‍ അശ്വിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലെടുക്കാന്‍ കോലിക്ക് താത്പര്യമുണ്ടായിരുന്നില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്. ദേശീയ മാധ്യമമായ ഡി.എന്‍.എയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അശ്വിന് പകരം റൈറ്റ് ആം ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിന്റെയും ലെഫ്റ്റ് ആം സ്പിന്നറായ ഷഹബാസ് നദീമിന്റെയും പേരാണ് കോലി നിര്‍ദേശിച്ചതെന്നും ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. കുംബ്ലെയും കോലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് അശ്വിനെ ടീമിലുള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്നാണ് സൂചന.

പക്ഷേ സെലക്ഷന്‍ കമ്മിറ്റി നദീമിനെ വേണ്ടെന്ന നിലപാട് ആദ്യമേ സ്വീകരിച്ചു. ജഡേജയുള്ളപ്പോള്‍ നദീം വേണ്ടന്നാണ് സെലക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത്. ചാഹലിനെ ടീമിലുള്‍പ്പെടുത്തമമെന്ന കാര്യത്തില്‍ ഏറെ ചര്‍ച്ച നടത്തിയിരുന്നു. അവസാനം അശ്വിനെ തന്നെ ടീമിലുടെക്കാമെന്ന നിലപാടിലേക്ക് സെലക്ഷന്‍ കമ്മിറ്റി എത്തുകയായിരുന്നുവെന്നും ഡി.എന്‍.എ പറയുന്നു.

26കാരനായ ചാഹല്‍ കഴിഞ്ഞ വര്‍ഷം സിംബാബ്‌വെക്കെതിരെയാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. അന്ന് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു വിക്കറ്റാണെടുത്തത്.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ അശ്വിന്റെ അഭാവം ഇന്ത്യന്‍ ടീമില്‍ നിഴലിച്ചു നിന്നിരുന്നു. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍മാരായ നിരോഷന്‍ ഡിക്‌വെല, ധനുഷ്‌ക ഗുണതിലക, കുശാല്‍ പെരേര എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. പ്രത്യേകിച്ച് ഉമേഷ് യാദവാണ് നന്നായി വെള്ളം കുടിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ കോലി അശ്വിനെ കളത്തിലിറക്കുമോ എന്ന കാര്യം കണ്ടറിയണം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ ബൗളിങ് ലൈന്‍ അപ്പ് നിലനിര്‍ത്തുമോ അതോ അശ്വിനെ തിരിച്ചു കൊണ്ടു വരുമോ? കാത്തിരുന്ന് കാണാം.