ലണ്ടന്‍: ഇന്ത്യയെ വിഭജിച്ചു ഭരിച്ച ഇംഗ്ലീഷുകാരുടെ മണ്ണില്‍ സ്വപ്‌നഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇംഗ്ലീഷുകാര്‍ കപ്പല്‍ കയറിയ ശേഷം രണ്ടായി പിളര്‍ന്ന രാജ്യങ്ങള്‍ തമ്മിലുള്ള ഫൈനല്‍. ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമ്പോള്‍ ആരുടേതാകും അവസാന ചിരി?

ലോകത്തെവിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടന്നാലും ഉദ്വേഗജനകമാകുമെന്നു മാത്രമല്ല ആവേശം എല്ലാ സീമകളും ലംഘിക്കുകയും ചെയ്യും. കെന്നിങ്ടണ്‍ ഓവലില്‍ മൂന്നുമണിക്കു തുടങ്ങുന്ന ഫൈനലിലും സ്ഥിതി വ്യത്യസ്തമാവില്ല.

2013-ല്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്പിച്ച് കിരീടം കരസ്ഥമാക്കിയ ഇന്ത്യ, അതു നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനെ സെമിയില്‍ ഞെട്ടിച്ച പാകിസ്താനെയാണ് വെല്ലുവിളിക്കുന്നത്. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് പാകിസ്താനെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ട് (14-2). ഇക്കുറി ടൂര്‍ണമെന്റിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിന് പാകിസ്താനെ തോല്പിച്ചിരുന്നു. പക്ഷേ, ഈ വിജയം ഫൈനല്‍ വിജയത്തിനുള്ള ഉറപ്പല്ല. ഓരോ മത്സരവും വ്യത്യസ്തമാണ്, ഫലം പ്രവചനാതീതവുമാണ്.

ഇന്ത്യയോടുള്ള ആദ്യതോല്‍വിയില്‍നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറിയ പാകിസ്താന്‍ പിന്നീട് ആധികാരിക വിജയങ്ങള്‍ സ്വന്തമാക്കി ഫൈനലിലെത്തുകയായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളെ മറികടന്ന അവര്‍ സെമിയില്‍ ഏറെ പ്രതീക്ഷയോടെയിറങ്ങിയ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കി.

ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റെങ്കിലും വിരാട് കോലിയുടെ ഇന്ത്യന്‍ സംഘം ബാറ്റിങ് കരുത്തിലാണ് ഫൈനലിലെത്തിയത്. സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന പാകിസ്താനാവട്ടെ ഫൈനല്‍ തൊട്ടത് ബൗളിങ് കരുത്തിലും. ബാറ്റിങ് പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ ധവാനും (317) രോഹിത് ശര്‍മയും (304) ക്യാപ്റ്റന്‍ കോലി(253)യുമുണ്ട്. ധവാനാണ് ഒന്നാമത്. ഏറ്റവുമധികം റണ്‍സും ഇന്ത്യക്കാണ് -1098.

ബൗളിങ്ങില്‍ ആദ്യ അഞ്ചില്‍ പാക് താരങ്ങളായ ഹസന്‍ അലി (10 വിക്കറ്റ്) ഒന്നാമതും ജുനൈദ് ഖാന്‍ (7 വിക്കറ്റ്) നാലാമതുമാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ടീമും പാകിസ്താന്‍തന്നെ -31. ആദ്യ അഞ്ചില്‍ ബൗളിങ്ങില്‍ ഇന്ത്യക്കാരില്ല, ബാറ്റിങ്ങില്‍ പാകിസ്താന്‍കാരും. ഇന്ത്യയുടെ ബാറ്റിങ്ങും പാകിസ്താന്റെ ബൗളിങ്ങും തമ്മിലുള്ള പോരാട്ടമാണ് ഫൈനലെന്നു ചുരുക്കം.

കാല്‍മുട്ടിന് പരിക്കേറ്റ ഓഫ് സ്​പിന്നര്‍ ആര്‍. അശ്വിന്‍ കളിക്കാന്‍ സാധ്യത കുറവാണ്. അശ്വിന്‍ ഇല്ലെങ്കില്‍ ഉമേഷ് യാദവ് ആദ്യ ഇലവനില്‍ സ്ഥാനംപിടിക്കും. ഇന്ത്യന്‍ പട്ടികയില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. പരിക്കുമൂലം സെമികളിക്കാതിരുന്ന ഇടങ്കയ്യന്‍ ഫാസ്റ്റ്ബൗളര്‍ മുഹമ്മദ് ആമിര്‍ ടീമില്‍ തിരിച്ചെത്തി. പാക് ടീമിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന. കെന്നിങ്ടണ്‍ ഓവലിലെ വരണ്ട പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുമെന്നാണ് സൂചന. അന്തരീക്ഷം മേഘാവൃതമാവുമെങ്കിലും മഴയ്ക്ക് സാധ്യതയില്ല.

പാകിസ്താനെതിരായ മുന്‍വിജയത്തിന് ഫൈനലില്‍ പ്രസക്തിയില്ലെന്ന് വിരാട് കോലി ചൂണ്ടിക്കാട്ടി. പാകിസ്താന്‍ പ്രതിഭാസമ്പന്നമാണ്. അവരുടേതായ ദിവസത്തില്‍ ഏതു ടീമിനെയും തോല്പിക്കാന്‍ അവര്‍ക്കാവും. ഈ ബോധ്യത്തോടെയാവും ടീം ഇന്ത്യ ഇറങ്ങുക - കോലി ചൂണ്ടിക്കാട്ടി.

സാധ്യതാ ടീം: ഇന്ത്യ - രോഹിത്, ധവാന്‍, കോലി (ക്യാപ്റ്റന്‍), യുവരാജ്, ധോനി, കേദാര്‍ ജാദവ്, പാണ്ഡ്യ, ജഡേജ, അശ്വിന്‍/ഉമേഷ് യാദവ്, ഭുവനേശ്വര്‍, ജസ്​പ്രീത് ബുംറ.

പാകിസ്താന്‍: അസ്ഹര്‍ അലി, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹഫീസ്, ഷോയബ് മാലിക്, സര്‍ഫ്രാസ് (ക്യാപ്റ്റന്‍), ഇമാദ് വാസിം, ആമിര്‍, ശദാബ് ഖാന്‍, ഹസന്‍ അലി, ജുനൈദ്.