ജക്കാര്‍ത്ത: സ്‌ക്വാഷില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ വെള്ളിയിലൊതുങ്ങി. സ്വര്‍ണം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ ഹോങ് കോങ്ങാണ് തോല്‍പ്പിച്ചത്. ഫൈനലില്‍ ഇന്ത്യയുടെ മലയാളി താരം സുനൈന കുരുവിള, ജോഷ്‌ന ചിന്നപ്പ എന്നിവര്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം വെള്ളി നേടിയിരുന്നു. ഹോങ് കോങ്ങിന്റെ ഹോട്‌സേ ലോകിനോട് 11-8, 11-6, 10-12, 11-3 എന്ന സ്‌കോറിനാണ് സുനൈന ആദ്യ ഗെയിം തോറ്റത്. രണ്ടാം ഗെയിമില്‍ ജോഷ്‌ന ചിന്നപ്പ 11-3, 11-9, 11-5 എന്ന സ്‌കോറിന് വിങ് ചി ആനിനോടും തോറ്റു. ദീപിക പള്ളിക്കല്‍, തന്‍വി ഖന്ന എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മലേഷ്യയെ 2-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നത്. ഇതോടെ 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍നേട്ടം 68 ആയി.

Content Highlights: women's team takes squash silver