ജക്കാര്‍ത്ത: പതിനെട്ട് ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ക്ക് ഉടമയായ ഇന്ത്യയുടെ വെറ്ററന്‍ താരം ലിയാന്‍ഡര്‍ പേസ് ഇന്‍ഡൊനീഷ്യയില്‍ നടക്കുന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍നിന്ന് പിന്മാറി. 

പുരുഷവിഭാഗം ഡബിള്‍സില്‍ തനിക്കുപറ്റിയ ഒരു പങ്കാളിയെ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ നല്‍കാതിരുന്നതാണ് പിന്മാറ്റത്തിന് കാരണം. ഇന്ത്യയുടെ മികച്ച ഡബിള്‍സ് താരങ്ങളായ രോഹന്‍ ബൊപ്പണ്ണയെയോ ദിവിജ് ശരണിനെയോ ആണ് ലിയാന്‍ഡര്‍ പേസ് ആവശ്യപ്പെട്ടിരുന്നത്. 

എന്നാല്‍ ഫോം കാണാതെ ഉഴറുന്ന സുമിത് നഗലിനെയാണ് പേസിന് പങ്കാളിയായി ഫെഡറേഷന്‍ നിശ്ചയിച്ചത്. രോഹന്‍ ബൊപ്പണ്ണയെയും ദിവിജ് ശരണിനെയും അവരുടെ അഭ്യര്‍ഥനപ്രകാരം ഒരു ടീമായി മത്സരിക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ അനുമതി നല്‍കിയതും ഇന്ത്യന്‍ ടെന്നീസിന് വിലപ്പെട്ട സംഭാവന നല്‍കിയ പേസിനെ ചൊടിപ്പിച്ചു.

ഒളിമ്പിക് മെഡല്‍ സാധ്യതാപദ്ധതിയില്‍ (ടോപ്) പെടുന്ന താരമായി അദ്ദേഹത്തിന് പരിഗണന നല്‍കിയിരുന്നില്ല. പറ്റിയ പങ്കാളിയെക്കൂടി കിട്ടാതിരുന്നതോടെ വ്യാഴാഴ്ചയാണ് പിന്മാറുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.

ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഒരു ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് താരത്തെ താന്‍ ആവശ്യപെട്ടിരുന്നെന്നും എന്നാല്‍ ടെന്നീസ് അസോസിയേഷന്‍ അതിന് തയ്യാറായില്ലെന്നും പേസ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി 5 സ്വര്‍ണമടക്കം എട്ട് മെഡലുകള്‍ നേടിയ താരമാണ് പേസ്.

Content Highlights: asian games 2018, leander paes, indonesia