ജീവിതത്തിലെ ഓരോ വേദനയേയും ഹെപ്റ്റാത്തലണിലെ ആ ചരിത്ര സ്വര്‍ണത്തോടെ സ്വപ്‌ന ബര്‍മ്മന്‍ പുഞ്ചിരിയാക്കി മാറ്റിയപ്പോള്‍ അവളുടെ അമ്മ പശ്ചിമ ബംഗാളിലെ ജയ്പല്‍ഗുരിയിലെ വീട്ടിലിരുന്ന് കരയുകയായിരുന്നു. ഹെപ്റ്റാത്തലണിലെ അവസാന ഇനമായ 800 മീറ്ററില്‍ മകള്‍ ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ അതു കണ്ടു നില്‍ക്കാനാകാതെ ടിവിക്ക് മുന്നില്‍ നിന്ന് എഴുന്നേറ്റ് ഓടി പ്രാര്‍ത്ഥനാ മുറിയിലെത്തി ദൈവത്തിന് നന്ദി പറഞ്ഞു. ആ അമ്മയുടെ സന്തോഷവും ആനന്ദക്കണ്ണീരും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീരേന്ദര്‍ സെവാഗുള്‍പ്പെടെ നിരവധി പേര്‍ സ്വപ്‌നയുടെ അമ്മയുടെ ഈ സന്തോഷ നിമിഷത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

6026 പോയിന്റ് നേടിയാണ് സ്വപ്നയുടെ സ്വര്‍ണനേട്ടം. ഹെപ്റ്റാത്തലണില്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയതിനൊപ്പം ആറായിരത്തിന് മുകളില്‍ പോയിന്റ് നേടുന്ന അഞ്ചാമത്തെ താരവുമായി മാറി. ഹൈജമ്പില്‍ 1003 പോയിന്റ്, ജാവലിന്‍ ത്രോയില്‍ 872 പോയിന്റ്, ഷോട്ട്പുട്ടില്‍ 707, ലോങ് ജംപില്‍ 865 എന്നിങ്ങനെയാണ് സ്വപ്നയുടെ നേട്ടം. 100 മീറ്ററില്‍ 981 പോയിന്റും 200 മീറ്ററില്‍ 790 പോയിന്റുമാണ് സ്വപ്ന നേടിയത്. 

കാലില്‍ പന്ത്രണ്ട് വിരലുകളുമായി ജനിച്ച സ്വപ്‌ന അത്‌ലറ്റിക്‌സിലേക്ക് ഇറങ്ങിയപ്പോള്‍ ആദ്യം നേരിട്ട വെല്ലുവിളി ഷൂ ആയിരുന്നു. പലപ്പോഴും പാകമാകാത്ത ഷൂ ഇട്ട് വേദന സഹിച്ച് അവള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വന്നു. റിക്ഷാവലിക്കാരനായ അച്ഛൻ തളര്‍ന്നു കിടപ്പിലായതോടെ അമ്മയാണ് കുടുംബം പുലര്‍ത്തിയത്. അതും തേയില തോട്ടത്തില്‍ പണിക്കു പോയിക്കൊണ്ട്. ഏതായാലും സ്വപ്‌നയുടെ സ്വര്‍ണനേട്ടത്തോടെ വീട്ടിലെ കഷ്ടപ്പാടെല്ലാം മാറുമെന്ന പ്രതീക്ഷയിലാണ് ആ അച്ഛനും അമ്മയും. സ്വര്‍ണമെഡലുമായി മകള്‍ വീടെത്തുന്നതും കാത്തിരിക്കുകയാണ് ആ ചെറിയ കുടുംബം ഇപ്പോള്‍.

Content Highlights: Swapna Barman Mother Has an Emotional Outburst at Her Daughter's Gold Win