ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ദക്ഷിണ കൊറിയ ചാമ്പ്യന്മാരായപ്പോള്‍ രക്ഷപ്പെട്ടത് മുന്നേറ്റതാരം ഹ്യൂങ് മിന്‍ സണ്‍. ശനിയാഴ്ച നടന്ന ഫൈനലില്‍ ജപ്പാനെ (2-1) തോല്‍പ്പിച്ചാണ് കൊറിയ സ്വര്‍ണം സ്വന്തമാക്കിയത്.

ഇതോടെ ടീമിലെ ടോട്ടനത്തിന്റെ മുന്നേറ്റ താരം ഹ്യൂങ് മിന്‍ സണ്ണിന് നിര്‍ബന്ധിത സൈനിക സേവനമെന്ന കടമ്പ ഒഴിവായി. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് എല്ലാ പുരുഷന്‍മാരും 28 വയസ്സ് പൂര്‍ത്തിയാകുന്നതിനുമുമ്പ് 21 മാസം നിര്‍ബന്ധിത സൈനിക സേവനം നടത്തമെന്നാണ്. എന്നാല്‍, 26 വയസ്സുകാരനായ സണ്‍ ഇതുവരെ സേവനമനുഷ്ഠിച്ചിട്ടില്ല. ഇതോടെ സേവനം ചെയ്യേണ്ടത് നിര്‍ബന്ധമായി വരികയും ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന് താരത്തെ രണ്ട് വര്‍ഷത്തേക്ക് നഷ്ടമാകുമെന്ന അവസ്ഥയും വന്നു.

എന്നാല്‍, ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണം, ഒളിമ്പിക്‌സിലെ ഏതെങ്കിലുമൊരു മെഡല്‍, ലോകകപ്പിലെ മികച്ച പ്രകടനം എന്നിവ ഫുട്ബോള്‍ താരങ്ങള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് രക്ഷ നേടാന്‍ സഹായിക്കും. റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പോലും കയറാന്‍ സാധിക്കാതെ വന്നതോടെ സണ്ണിന്റെ അവസാന പ്രതീക്ഷയായിരുന്നു ഏഷ്യന്‍ ഗെയിംസ്.

2015-ല്‍ ടോട്ടനത്തിലെത്തിയ സണ്‍ അവര്‍ക്കായി 100 മത്സരങ്ങളില്‍നിന്ന് 30 ഗോള്‍ നേടി. 

Content Highlights: Son Heung-min avoids national service as Tottenham star inspires country to Asian Games gold