ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ മികച്ച നേട്ടവുമായി ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് ടീം. കഴിഞ്ഞ ദിവസം ടേബിള്‍ ടെന്നീസ് പുരുഷ ടീമിനത്തില്‍ വെങ്കലം നേടി ഇന്ത്യ ചരിത്രമെഴുതിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലായിരുന്നു അത്.

തൊട്ടുപിന്നാലെ ഇന്ത്യ ഒരു വെങ്കലം കൂടി നേടിയിരിക്കുകയാണ്. പതിനൊന്നാം ദിനത്തിലെ ഇന്ത്യയുടെ ആദ്യ മെഡല്‍. മികസഡ് ടീമിനത്തില്‍ അജന്ത ശരത് കമാല്‍- മണിക ബത്ര ജോഡിയാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. നേരത്തെ മെഡല്‍ നേടിയ പുരുഷ ടീമിലും ശരത് കമാലുണ്ടായിരുന്നു. ഇതോടെ ശരതിന്റെ അക്കൗണ്ടില്‍ രണ്ട് മെഡലായി 

സെമിയില്‍ ചൈനയുടെ സി വാങ്ങ്- വൈ സണ്‍ ജോഡിയാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. 4-1നായിരുന്നു ചൈനീസ് ജോഡിയുടെ വിജയം. ആദ്യ രണ്ട് ഗെയിം നഷ്ടപ്പെടുത്തിയ ശേഷം മൂന്നാം ഗെയിമില്‍ ഇന്ത്യ തിരിച്ചുവന്നു. എന്നാല്‍ മൂന്നും നാലും ഗെയിമുകള്‍ നേടി ചൈന ഫൈനലിലേക്ക് മുന്നേറി.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. പ്രീ ക്വാര്‍ട്ടറില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയെ 3-2ന് അട്ടിമറിച്ച ഇന്ത്യന്‍ ജോഡി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര കൊറിയയേയും പരാജയപ്പെടുത്തി. 

Content Highlights: Sharath Kamal-Manika Batra win historic mixed doubles bronze in table tennis