ജക്കാര്‍ത്ത:  സൈന നേവാളിന് പിന്നാലെ പി.വി സിന്ധുവും ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍. ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയ സിന്ധു ലോക 11-ാം റാങ്കുകാരി തായ്‌ലന്‍ഡിന്റെ നിച്ചോണ്‍ ജിന്ദാപോളിനെയാണ് പരാജയപ്പെടുത്തിയത്. നേരത്തെ തായ്‌ലന്‍ഡുകാരിയും ലോക നാലാം റാങ്കുകാരിയുമായ രചനോക് ഇന്തനോണിനെ പരാജയപ്പെടുത്തി സൈനയും സെമിയിലെത്തിയിരുന്നു. ഇതോടെ ബാഡ്​മന്റണില്‍ ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു.

മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. ആദ്യ ഗെയിം 21-11ന് സിന്ധു നേടി. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്ന തായ്‌ലന്‍ഡ് താരം 21-16ന് ഗെയിം വിജയിച്ച് മത്സരം നിര്‍ണായകമായ മൂന്നാം ഗെയിമിലെത്തിച്ചു. എന്നാല്‍ 22 മിനിറ്റിനുള്ളില്‍ 21-14ന് മൂന്നാം ഗെയിമും സെമി ടിക്കറ്റും സിന്ധു നേടിയെടുത്തു.

യമാഗുച്ചി അകാനെയും ചെന്‍ യുഫേയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും സിന്ധു സെമിയില്‍ നേരിടുക. ലോക ഒന്നാം റാങ്കുകാരി ചൈനീസ്  തായ്‌പെയിയുടെ തായ് സ്യൂയിങ്ങാണ് സൈനയുടെ എതിരാളി. ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍ വിജയിച്ചാല്‍ സൈനയും സിന്ധുവും തമ്മിലുള്ള ഫൈനലിനാണ് ഏഷ്യന്‍ ഗെയിംസ് വേദിയാകുക.

ഇരുവരും വെങ്കലമെങ്കിലും ഉറപ്പിച്ചതോടെ അത് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. 1982-ല്‍ സയ്യിദ് മോദിക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യ നേടുന്ന മെഡലുകളാണിത്. 

ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യ എട്ടു മെഡലുകള്‍ നേടിയിട്ടുണ്ട്. അതില്‍ ആറെണ്ണം ടീം വിഭാഗത്തിലും ഒരെണ്ണം പുരുഷ ഡബിള്‍സിലുമാണ്. 

Content Highlights: Saina Nehwal PV Sindhu assure India historic medals Asian Games 2018