ജക്കാര്‍ത്ത:   ഫൈനലില്‍ തോറ്റെങ്കിലും പി.വി സിന്ധുവിനും ഇന്ത്യന്‍ ബാഡ്മിന്റണും ഇത് ചരിത്ര നിമിഷം. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി സിന്ധുവിന് സ്വന്തം. വനിതാ സിംഗിള്‍സ്  ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരി ചൈനീസ് തായ്‌പെയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.

തുടക്കം മുതല്‍ നേടിയ ആധിപത്യം തായ് സൂ യിങ് അവസാനം വരെ നിലനിര്‍ത്തുകയായിരുന്നു. ആദ്യ ഗെയിം 21-13ന് വിജയിച്ച തായ് രണ്ടാം ഗെയിം 21-16ന് വിജയിച്ച് മത്സരവും സ്വര്‍ണവും സ്വന്തമാക്കി. മത്സരം ആകെ 34 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. 

നേരത്തെ ഇതേ ഇനത്തില്‍ ഇന്ത്യയുടെ സൈന നേവാള്‍ വെങ്കലം നേടിയിരുന്നു. സെമിയില്‍ സൈന തോറ്റതും തായ് സൂ യിങ്ങിനോടാണ്. 

സിംഗിള്‍സ് വിഭാഗത്തില്‍ ആകെ മൂന്നു മെഡലുകള്‍ മാത്രമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നേടിയിട്ടുള്ളത്. 1982-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടി സയ്യിദ് മോദി ഇന്ത്യക്ക് ആദ്യ സിംഗിള്‍സ് മെഡല്‍ സമ്മാനിച്ചു. പിന്നീട് ഒരു മെഡലിനായി ഇന്ത്യക്ക് 2018 വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഏഷ്യന്‍ ഗെയിംസില്‍ സിന്ധുവും സൈനയും മെഡല്‍ നേടി എന്നത് ഇരട്ടിമധുരം നല്‍കുന്നു.

Content Highlights: PV Sindhu Wins Silver Medal In Asian Games 2018