ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ യുവതാരം നീരജ് ചോപ്ര ചരിത്രമെഴുതിയിരുന്നു. ജാവലിന്‍ ത്രോയിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു അത്. എന്നാല്‍ നീരജിന്റെ ആ സ്വര്‍ണനേട്ടത്തേക്കാള്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചത് മറ്റൊരു ചിത്രമാണ്.  ഇന്ത്യക്കാരുടേയും പാകിസ്താന്‍കാരുടേയും ഹൃദയം കവര്‍ന്ന് ചിത്രം. വെങ്കലം നേടിയ പാകിസ്താന്‍ താരം അര്‍ഷാദ് നദീമിന് വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന് നീരജ് കൈ കൊടുക്കുന്നതാണ് ആ ചിത്രം. 

ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയടക്കമുള്ളവര്‍ ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു കുറിപ്പോടെയാണ് സാനിയ ഈ ചിത്രം പങ്കുവെച്ചത്. ' നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സ്‌പോര്‍ട്‌സിലൂടെയാണ് ഏറ്റവും മികച്ച പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയുക എന്ന് ഞാന്‍ പറയുന്നതിന്റെ കാരണം ഇതാണ്. സമത്വവും ബഹുമാനവും മനുഷ്യത്വവും എന്താണെന്ന് മനസ്സിലാക്കിത്തരാന്‍ സ്‌പോര്‍ട്‌സിന് കഴിയും.  നമ്മുടെ ചാമ്പ്യന്‍ അത്‌ലറ്റുകളില്‍ നിന്ന് ചില ആളുകളെങ്കിലും ഇത് കണ്ടുപഠിച്ചിരുന്നെങ്കില്‍'  സാനിയ ട്വീറ്റ് ചെയ്തു.

പാകിസ്താന്‍ ക്രിക്കറ്റ് താരം ഹസ്സന്‍ അലിയും ഇതുപോല ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആയിരം വാക്കുകള്‍ സംസാരിക്കുന്ന ചിത്രമാണ് ഇതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

Content Highlights: Neeraj Chopra praised by Sania Mirza for gesture towards Arshad Nadeem