ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണ നേട്ടവുമായി ഇന്ത്യ. 65 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പുനിയയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.

ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെ 10-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ബജ്‌റംഗ് സ്വര്‍ണം നേടിയത്. നേരത്തെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാറും 57 കിലോഗ്രാം വിഭാഗത്തില്‍ സന്ദീപ് തോമാറും ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയിരുന്നു.

നേരത്തെ ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ ആദ്യ മെഡല്‍ നേടിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ അപൂര്‍വി ചേന്ദേലയും രവി കുമാറുമടങ്ങുന്ന ടീം വെങ്കലം നേടി. 

അതേസമയം നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഞായറാഴ്ച വൈകിട്ടു നടന്ന ഫൈനലില്‍ 1:57.75 സമയം കുറിച്ചാണ് സജന്‍ അഞ്ചാമതെത്തിയത്. ജപ്പാന്റെ ഡയ്യ സേട്ടോയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ജപ്പാന്റെ തന്നെ നാവോ ഹൊറോമുറ വെള്ളിയും ചൈനയുടെ ലീ ഷുഹാവോ വെങ്കലവും കരസ്ഥമാക്കി.

Content Highlights: India's Bajrang Punia wins gold in 65Kg freestyle wrestling