ജക്കാര്‍ത്ത: ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ബ്രഡ്ജ് ഇനത്തില്‍ സ്വര്‍ണം നേടിയതിനു പിന്നാലെ മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി ഇന്ത്യയുടെ പ്രണബ് ബര്‍ദന്‍. യൂത്തന്‍മാര്‍ അരങ്ങുവാഴുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയാണ് ഈ അറുപതുകാരന്‍ ഗെയിംസ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 

18-ാമത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ബ്രിഡ്ജ് ടീമിനത്തിലാണ് പ്രണബ് ബര്‍ദന്‍ 56-കാരനായ ഷിബ്‌നാഥ് സര്‍ക്കാരിനൊപ്പം സ്വര്‍ണം കരസ്ഥമാക്കിയത്. ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ 15-ാം സ്വര്‍ണമായിരുന്നു ഇത്.

384 പോയിന്റുകള്‍ നേടിയ പ്രണബ് ബര്‍ദന്‍-ഷിബ്‌നാഥ് സര്‍ക്കാര്‍ സഖ്യം ചൈനയുടെ ലിക്‌സിന്‍ യാങ്-ഗാങ് ചെന്‍ സഖ്യത്തെ മറികടന്നാണ് പുരുഷ ടീം ഇനത്തിലെ ആദ്യ ഏഷ്യന്‍ ഗെയിംസ് ബ്രിഡ്ജ് സ്വര്‍ണം നേടിയത്. അഞ്ചു റൗണ്ടുകള്‍ നീണ്ട മത്സരത്തിനു ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യം സ്വര്‍ണമണിഞ്ഞത്.

''ബ്രിഡ്ജ് ചെസിനേക്കാള്‍ വെല്ലുവിളി നിറഞ്ഞ മത്സരമാണെന്നും കടുത്ത മത്സരം നേരിടേണ്ടിവരുന്ന ഒരു ഇന്‍ഡോര്‍ ഗെയിമാണെന്നും'' പ്രണബ് ബര്‍ദന്‍ പറഞ്ഞു. കൊല്‍ക്കത്ത സ്വദേശികളായ ഇരുവരും കഴിഞ്ഞ 20 വര്‍ഷമായി ഒരുമിച്ചു കളിക്കുന്നവരാണ്. ജവാദ്പൂര്‍ സര്‍വകലാശാലയിലെ അധ്യാപകനാണ് ഷിബ്‌നാഥ് സര്‍ക്കാര്‍. പ്രണബ് ബര്‍ദന് കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്.

മാത്രമല്ല ബ്രിഡ്ജില്‍ രണ്ടാമത്തെ പുരുഷ ടീമും മിക്സഡ് ഡബിള്‍സ് ടീമും വെങ്കലം നേടിയിരുന്നു. 24 പേരടങ്ങുന്നതായിരുന്നു ഇന്ത്യയുടെ ബ്രിഡ്ജ് ടീം. ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകള്‍ ടീം ഇന്ത്യയ്ക്കായി നേടി.

Content Highlights: bardhan creates record in bridge debut, asian games