ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 15 സ്വര്‍ണ മെഡലുകളായി. 

ബ്രിജില്‍ രണ്ടാമത്തെ പുരുഷ ടീമും മിക്‌സഡ് ഡബിള്‍സ് ടീമും വെങ്കലം നേടി. ഒളിമ്പിക് ചാമ്പ്യനായ ഉസ്ബക്കിസ്താന്റെ ഹസന്‍ബോയ് ദസ്മത്തോവിനെ 3-2 എന്ന സ്‌കോറിനാണ് അമിത് പരാജയപ്പെടുത്തിയത്. ഫിലിപ്പീന്‍ താരം പാലം കാര്‍ലോയെ തോല്‍പ്പിച്ചായിരുന്നു അമിതിന്റെ ഫൈനല്‍ പ്രവേശനം.

ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ അവതരിപ്പിച്ച ബ്രിജില്‍ പ്രണാബ് ബര്‍ധന്‍-ഷിബ്‌നാഥ് സര്‍ക്കാര്‍ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 

ഇതോടെ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മെഡലുകളിലെ മുന്‍ റെക്കോര്‍ഡും ഇന്ത്യ മറികടന്നു. 15 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയ്ക്കിപ്പോള്‍ 67 മെഡലുകളായി. 2010-ല്‍ ഗ്വാങ്ഷൗവില്‍ നേടിയ 65 മെഡല്‍ നേട്ടമാണ് ഇത്തവണ മറികടന്നത്. 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെയാണ് ഗ്വാങ്ഷൗവില്‍ ഇന്ത്യ 65 മെഡലുകള്‍ നേടിയത്.

ശനിയാഴ്ച ഇനി സ്‌ക്വാഷിലാണ് സ്വര്‍ണ പ്രതീക്ഷയുള്ളത്. ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന, മലയാളികളായ ദീപിക പള്ളിക്കല്‍, സുനന്യ കുരുവിള എന്നിവരാണ് ടീമിലുള്ളത്. ഹോങ് കോങ്ങാണ് ഇന്ത്യയുടെ എതിരാളികള്‍.

Content Highlights: amit panghal upsets olympic champion to clinch boxing gold