നാല്‍പ്പത്തഞ്ചുകാരനായ ലിയാന്‍ഡര്‍ പേസ് ഒരു പ്രഹേളികയാണ്. അസ്തമിച്ചുപോയെന്ന് കരുതുമ്പോള്‍ ഉദിച്ചുവരുന്ന താരം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ചൈനയ്ക്കെതിരേ ഡേവിസ് കപ്പില്‍ വിജയംനേടിയ താരം പിന്നീട് മത്സരങ്ങള്‍ക്കിറങ്ങിയിട്ടില്ല. എന്നിട്ടും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടെന്നീസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006-നു ശേഷം പേസ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തിട്ടുമില്ല. അന്ന് ഡബിള്‍സില്‍ മഹേഷ് ഭൂപതിയുമൊത്ത് ഡബിള്‍സിലും സാനിയ മിര്സയുമൊത്ത് മിക്സഡ് ഡബിള്‍സിലും സ്വര്‍ണം നേടിയാണ് മടങ്ങിയത്.ഡബിള്‍സില്‍ ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂന്ന് റാങ്കുകാരില്‍(56) ഒരാളായതാണ് പേസിനെ വീണ്ടും ഏഷ്യന്‍ ഗെയിംസിലേക്കെത്തിച്ചത്.
നേട്ടങ്ങള്‍ പോലെതന്നെ വിവാദങ്ങളും പേസിന്റെ കൂട്ടുകാരാണ്. അദ്ദേഹത്തിനൊപ്പം കളിക്കില്ലെന്ന് മഹേഷ് ഭൂപതി നേരത്തേ നിലപാടെടുത്തിരുന്നു. ദോഹയില്‍ ഇരുവരും ചേര്‍ന്ന് ഡബിള്‍സ് സ്വര്‍ണം നേടിയശേഷമായിരുന്നു ഭൂപതിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടെന്നീസില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ഈ കൂട്ടുകെട്ടെന്നും അത് ഒരു സ്വര്‍ണനേട്ടത്തോടെ അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഭൂപതിയുടെ പ്രഖ്യാപനം. ടെന്നീസ് അസോസിയേഷന്റെ നിര്‍ബന്ധപ്രകാരം 2008 ഒളിമ്പിക്സിന് ഇവര്‍ വീണ്ടും ഇറങ്ങിയെങ്കിലും ക്വാര്‍ട്ടറില്‍ തോറ്റു. പിന്നീട് ബൊപ്പണ്ണയും സാനിയ മിര്‍സയും പേസിനോട് കലഹിച്ചിട്ടുണ്ട്. സഹകളിക്കാരോടുള്ള പേസിന്റെ മോശം പെരുമാറ്റമാണ് ഇതിന് കാരണമായി പറഞ്ഞുകേട്ടിരുന്നത്.
എന്നാല്‍ ഈ പ്രായത്തിലും രാജ്യത്തിനായി കളിക്കുമ്പോള്‍ ലിയാന്‍ഡര്‍ പേസ് പുലര്‍ത്തുന്ന ആവേശവും ആര്‍ജവവും അദ്ഭുതപ്പെടുത്തുന്നതാണ്. ഇപ്രാവശ്യവും പേസ് നേതൃത്വം നല്കുന്ന ഡബിള്‍സ് ടീം(പങ്കാളി സുമിത് നാഗല്‍) ഒരു മെഡല്‍ കൊണ്ടുവന്നാല്‍ അദ്ഭുതപ്പെടാനില്ല. ഏഷ്യന്‍ ഗെയിംസുകളില്‍ ഇതുവരെ എട്ട് മെഡലുകള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. രോഹന് ബൊപ്പണ്ണയും ദിവിജ് ശരണുമാകും മറ്റൊരു സഖ്യം. സിംഗിള്‍സ് കളിക്കാരനായ നാഗലിനെ ഡബിള്‍സ് പങ്കാളിയായി പേസിനൊപ്പം ഇറക്കുന്നതിലും കളിക്കാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
രാജ്യത്തിന്റെ ഒന്നാം നമ്പര്‍ (93ാം റാങ്ക്) സിംഗിള്‍സ് കളിക്കാരന് യൂകി ഭാംബ്രിക്ക് യു.എസ്. ഓപ്പണ്‍ കളിക്കാന്‍ അനുവാദം നല്കിയതിനാല് ടീമിലുള്‍പ്പെടുത്തിയില്ല. പരിക്കേറ്റ സാനിയ മിര്‍സയും ടീമിലില്ല. രാംകുമാര്‍ രാമനാഥന്, പ്രജ്നേഷ് ഗുണേശ്വരന്, സുമിത് നാഗല്‍ എന്നിവരാണ് പുരുഷവിഭാഗം സിംഗിള്‍സ് ടീമിലുള്ളത്. വനിതാ വിഭാഗത്തില്‍ അങ്കിത റെയ്ന, കര്മാന് കൗര്‍, റുതുജ ബോസല, പ്രഞ്ജല യദ്ലപ്പള്ളി, റിയ ഭാട്യ, പ്രാര്‍ഥന തോംബര് എന്നിവരുണ്ട്.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍നേട്ടം
മിക്സഡ് ഡബിള്‍സ്- സ്വര്‍ണം (സാകേത് മൈനേനി-സാനിയ മിര്‍സ)
പുരുഷ ഡബിള്‍സ്- വെള്ളി (സാകേത് മൈനേനി-സനം സിങ്)
പുരുഷ ഡബിള്‍സ്- വെങ്കലം (യൂകി ഭാംബ്രി-ദിവിജ് ശരണ്‍)
വനിത ഡബിള്‍സ്- വെങ്കലം (സാനിയ മിര്‍സ-പ്രാര്‍ഥന)
പുരുഷ സിംഗിള്‍സ്- വെങ്കലം (യൂകി ഭാംബ്രി)
Content Highlights: Leander Paes In Asian Games 2018