ലോകോത്തര ബാറ്റ്‌സ്മാനാണെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കറെ സംബന്ധിച്ച് 99 റണ്‍സില്‍ നിന്ന് സെഞ്ചുറിയിലെത്തുക എന്നത് സമ്മര്‍ദ്ദമുള്ള കാര്യമാണ്. അപ്പോഴേക്കും സച്ചിന് മുട്ടിടിക്കാന്‍ തുടങ്ങും. ഒരൊറ്റ റണ്ണിന് വേണ്ടി സച്ചിന്‍ പന്തുകള്‍ പാഴാക്കിക്കൊണ്ടേയിരിക്കും. 90 റണ്‍സില്‍ നില്‍ക്കെ ഏറ്റവും കൂടുതല്‍ തവണ വിക്കറ്റ് നഷ്ടപ്പെടുത്തിയ താരമെന്ന റെക്കോഡും സച്ചിന്റെ പേരില്‍ തന്നെയാണ്. 27 തവണയാണ് സച്ചിന്‍ ഇങ്ങനെ പുറത്തായത്.

ഇന്ത്യന്‍ ബാഡ്മിന്റണിലേക്ക് വരുമ്പോള്‍ പി.വി സിന്ധുവും സമാനമായ അവസ്ഥയിലാണുളളത്. സമ്മര്‍ദ്ദം താങ്ങാനാകാതെ 'പടിക്കല്‍ കലമുടക്കുന്ന' അവസ്ഥ. റിയോ ഒളിമ്പിക്‌സിന് ശേഷം സിന്ധു മാറ്റുരച്ച പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലെടുത്ത് നോക്കിയാല്‍ ഇത് വ്യക്തമായി കാണാം. ഫൈനല്‍ വരെ നന്നായി കളിച്ചുവന്ന് ഒടുവില്‍ കലാശക്കളിയില്‍ കാലിടറുന്ന കാഴ്ച്ച.

2016 റിയോ ഒളിമ്പിക്‌സില്‍ സ്പാനിഷ് താരം കരോളിന മാരിന് മുന്നില്‍ തോല്‍ക്കാനായിരുന്നു സിന്ധുവിന്റെ വിധി. അന്ന ആദ്യ ഗെയിം 21-19ന് ജയിച്ച ശേഷമായിരുന്നു സിന്ധുവിന്റെ തോല്‍വി. ഗാലറിയിലെ ആര്‍പ്പുവിളികളുടെ സമ്മര്‍ദ്ദവും രാജ്യമേല്‍പ്പിച്ച പ്രതീക്ഷഭാരവും സിന്ധുവിന് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.

പിന്നീട് 2017-ല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്‍ താരം നസോമി ഒകുഹാരയായിരുന്നു സിന്ധുവിനെ വീഴ്ത്തിയത്. ആവേശത്തിന്റെ കൊടുമുടിയിലേക്ക് സെര്‍വ് പായിച്ച മത്സരമായിരുന്നു അത്. അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ സിന്ധു കീഴടങ്ങി.

ഈ വര്‍ഷം ഇത്തരത്തില്‍ മൂന്നു ഫൈനലിലാണ് സിന്ധുവിന് കാലിടറിയത്. ആദ്യം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സൈന നേവാളിനോട്. ആദ്യ ഗെയിമില്‍ എളുപ്പം തോറ്റ സിന്ധു രണ്ടാം ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 56 മിനിറ്റെടുത്ത് സൈന സ്വര്‍ണം കഴുത്തിലണിഞ്ഞു.

തൊട്ടുപിന്നാലെയെത്തിയ ലോക ചാമ്പ്യന്‍ഷിപ്പിലും ഇതുതന്നെയായിരുന്നു വിധി. അവിടേയും എതിരാളി കരോളിന മാരിനായിരുന്നു. 21-19, 21-10ന് സിന്ധുവിനെ കീഴടക്കി കരോളിന മെഡല്‍ പോഡിയത്തില്‍ അഭിമാനത്തോടെ നിന്നു. ഇപ്പോഴിതാ ഏഷ്യന്‍ ഗെയിംസിലും. ചൈനീസ് തായ്‌പെയിയുടെ തായ് സൂ യിങ്ങിന് മുന്നില്‍ ഒന്നു പൊരുതി നോക്കാനുള്ള ആര്‍ജ്ജവം പോലും കാണിക്കാതെ സിന്ധു അനായാസം കീഴടങ്ങി. 34 മിനിറ്റിനുള്ളില്‍ സിന്ധുവിന്റെ കഴുത്തില്‍ വീണ്ടും ഒരു വെള്ളി മെഡലെത്തി.

Content Highlights: PV Sindhu Losses All Finals Badminton