ന്ത്യയെ സംബന്ധിച്ച് ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പിനേക്കാള്‍ കടുപ്പമേറിയതാണ്. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും  ഇന്‍ഡൊനീഷ്യയും ചൈനീസ് തായ്‌പെയിയും തായ്‌ലെന്റുമടക്കമുള്ള രാജ്യങ്ങള്‍ അണിനിരക്കുന്ന ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മെഡല്‍ നേടാന്‍ മികച്ച കളി തന്നെ പുറത്തെടുക്കണം. ബാഡ്മിന്റണില്‍ എണ്ണം പറഞ്ഞ രാജ്യങ്ങളുടെ താരങ്ങളെ വീഴ്ത്തിയിട്ടുവേണം ഇന്ത്യക്ക് മെഡല്‍ നേട്ടത്തിലെത്താന്‍.

അതുകൊണ്ടുതന്നെയാണ് പ്രകാശ് പദുക്കോണും ഗോപീചന്ദുമെല്ലാം കടന്നുപോയിട്ടും ഇന്ത്യക്ക് ഒരു സിംഗിള്‍സ് മെഡല്‍ മാത്രം അപ്രാപ്യമായി നിന്നത്. ടീമിനത്തിലും ഡബിള്‍സിലുമെല്ലാം മെഡല്‍ നേടിയെങ്കിലും സിംഗിള്‍സില്‍ ഇന്ത്യ പലപ്പോഴും തല കുനിച്ചുമടങ്ങി. 1982-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ സയ്യിദ് മോദി മാത്രമാണ് അതിനൊരപവാദം. അതുകൊണ്ടുതന്നെ ആ വെങ്കലം ഇന്ത്യക്കാര്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്.

എന്നാല്‍ ഇന്ത്യയുടെ ആ വരള്‍ച്ചക്ക് രണ്ട് പെണ്‍കൊടികള്‍ അറുതിവരുത്തിരിക്കുകയാണ്. സിന്ധുവും സൈനയും. ഇന്ത്യയിലെ യുവകായികതാരങ്ങള്‍ക്ക് പ്രചോദനവുമായി മുന്നേറുന്ന ഇരുവരും ജക്കാര്‍ത്തയില്‍ പുതിയ ചരിത്രമെഴുതിയിരിക്കുന്നു. സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായപ്പോള്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരിക്കുകയാണ് സൈന. ലോക രണ്ടാം റാങ്കുകാരിയെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയതെന്നതും സിന്ധുവിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

എന്നാല്‍ ഒന്നാം റാങ്കുകാരിയായ ചൈനീസ് തായ്‌പെയിയുടെ തായ് സ്യൂയിങ്ങിന് മുന്നില്‍ സൈനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. പക്ഷേ സൈനയുടെ വര്‍ഷങ്ങളായുള്ള ഏഷ്യന്‍ ഗെയിംസ് മെഡലെന്ന കാത്തിരിപ്പിന് വിരാമം കുറിക്കാന്‍ കഴിഞ്ഞു. അതും വെങ്കലമെഡലോടെ. ഒപ്പം സയ്യിദ് മോദിക്ക് ശേഷം സിംഗിള്‍സില്‍ മെഡല്‍ നേടുന്ന താരം, സിംഗിള്‍സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്നീ റെക്കോഡുകളും സൈനയുടെ പേരിനൊപ്പം ചേര്‍ന്നു. 

1974 ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ ബാഡ്മിന്റണില്‍ ആദ്യ മെഡല്‍ നേടുന്നത്. ദേവീന്ദര്‍ അഹൂജ, പാര്‍ത്ഥോ ഗാംഗുലി, സയ്യിദ് മോദി, ഉദയ് പവാര്‍, വിക്രം സിങ്ങ് എന്നിവരടങ്ങുന്ന പുരുഷ ടീം വെങ്കലം നേടി. അടുത്ത വര്‍ഷം ന്യൂഡല്‍ഹിയില്‍ സയ്യിദ് മോദി പുരുഷ സിംഗിള്‍സിലും ലെറോയ്, പ്രദീപ് ഗാന്ധെ, പാര്‍ത്ഥോ ഗാംഗുലി, സയ്യിദ് മോദി, ഉദയ് പവാര്‍, വിക്രം സിങ്ങ് എന്നിവര്‍ പുരുഷ ടീമിനത്തിലും വന്ദന ചിപ്ലുങ്കര്‍, ആമി ഗിയ, മധുമിത ബിഷ്റ്റ്, അമിത കുല്‍ക്കര്‍ണി, ഹഫ്‌റിഷ് നരിമാന്‍, കന്‍വാള്‍ താക്കര്‍ സിങ്ങ് എന്നിവര്‍ വനിതാ ടീമിനത്തിലും വെങ്കലം നേടി.

ആ വര്‍ഷം വേറെയും രണ്ട് വെങ്കലം നേടി ഇന്ത്യ. പുരുഷ ഡബിള്‍സില്‍ ലെറോയിയും പ്രദീപ് ഖാന്ധെയും മിക്‌സഡ് ഡബിള്‍സില്‍ ലെറോയിയും കന്‍വാള്‍ സിങ്ങുമാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. പിന്നീട് 1986 സോള്‍ ഗെയിംസില്‍ പുരുഷ ടീമിനത്തില്‍ ഇന്ത്യ മൂന്നാമതെത്തി. അതിന് ശേഷം 2014-ലാണ് ഇന്ത്യ ബാഡ്മിന്റണില്‍ ഒരു മെഡല്‍ നേടുന്നത്. ഇഞ്ചിയോണില്‍ വനിതാ ടീമിനത്തില്‍ പ്രാന്ധ്യ ഗാഡ്‌റെ, തന്‍വി ലാഡ്, സൈന നേവാള്‍, അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡി, പി.വി സിന്ധു, പി.സി തുളസി എന്നിവരായിരുന്നു ഇന്ത്യയെ മെഡലിലേക്ക് നയിച്ചത്. പക്ഷേ അതും വെങ്കലമായിരുന്നു. 

 

Content Highlights: Historic day for Indian badminton Asian Games 2018 PV Sindhu and Saina Nehwal