ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര പ്രകടനം നടത്തി സ്വര്‍ണ മെഡല്‍ നേടിയതിനു പിന്നാലെ ട്രിപ്പിള്‍ ജമ്പ് താരം അര്‍പീന്ദര്‍ സിങ്ങിനെ അഭിനന്ദിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തു വന്നിരുന്നു. എല്ലാ പഞ്ചാബികള്‍ക്കും ഇത് അഭിമാനിക്കാനുള്ള നിമിഷമാണെന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

എന്നാല്‍ ഈ അഭിനന്ദനങ്ങളൊന്നും തന്നെ അര്‍പീന്ദറിന്റെ കുടുംബത്തെ തെല്ലും സന്തോഷിപ്പിക്കുന്നില്ല. അതിന് വ്യക്തമായ കാരണവുമുണ്ട്. സാമ്പത്തിക പരാധീനതകള്‍ ഏറെയുണ്ടായിരുന്ന കുടുംബമായിരുന്നു അര്‍പീന്ദറിന്റേത്. ഇക്കാരണത്താല്‍ തന്നെ 2015-ല്‍ 25-കാരനായിരുന്ന അര്‍പീന്ദര്‍ പഞ്ചാബ് വിട്ട് ഹരിയാനയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു. 

കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട ക്യാഷ് അവാര്‍ഡും ജോലിയും ഹരിയാന വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഈ കൂടു മാറ്റം. എന്നാല്‍ ഇത്തവണ കടുത്ത നിരാശയാണ് അര്‍പീന്ദറിനെ കാത്തിരുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യeന്തര മത്സരങ്ങളില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് ലഭിക്കുന്ന ക്യാഷ് അവാര്‍ഡിനായി അദ്ദേഹം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് സ്വദേശിയാണെന്ന കാരണം പറഞ്ഞ് ഹരിയാന സര്‍ക്കാര്‍ ഈ അപേക്ഷ തള്ളുകയായിരുന്നു. 

ഇക്കാരണത്താല്‍ തന്നെ അര്‍പീന്ദറിന്റെ ഈ ചരിത്ര നേട്ടത്തിന്റെ സന്തോഷം ഏത് സംസ്ഥാനത്തിനൊപ്പം പങ്കിടണമെന്ന ആശയക്കുഴപ്പത്തിലാണ് കുടുംബം.

had to mortgage land to support arpinders training

പഞ്ചാബിനായി ദേശീയതലത്തില്‍ 14 സ്വര്‍ണ മെഡലുകള്‍ നേടിയ താരമാണ് അര്‍പീന്ദര്‍. 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയപ്പോള്‍ എ കാറ്റഗറിയില്‍ ഡി.എസ്.പി പോസ്റ്റില്‍ ജോലി ലഭിക്കുമെന്ന് അര്‍പീന്ദര്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് പിതാവ് ജാഗ്ബിര്‍ സിങ് പറയുന്നു.

''കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് പോലും ഹരിയാന സര്‍ക്കാര്‍ ഉയര്‍ന്ന സമ്മാനത്തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇവിടെ പഞ്ചാബില്‍ അര്‍പീന്ദറിനു ലഭിച്ചത് ആറു ലക്ഷം രൂപ മാത്രമായിരുന്നു. സൈന്യത്തില്‍ നിന്ന് ഹവില്‍ദാറായി വിരമിച്ച തനിക്കു തന്നെ 12,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതായി'' ചൂണ്ടിക്കാട്ടിയായിരുന്നു  ജാഗ്ബിര്‍ സിങ് ഇക്കാര്യം പറഞ്ഞത്. 

അര്‍പീന്ദറിന്റെ പരിശീലനത്തിനും മറ്റുമായുള്ള തുക കണ്ടെത്താന്‍ സ്വന്തമായുണ്ടായിരുന്ന ജ്വല്ലറി പണയപ്പെടുത്തുകയും ചെയ്തിരുന്നു ഈ പിതാവ്.

എന്നാല്‍ അര്‍പീന്ദര്‍ ഹരിയാനയ്ക്കു വേണ്ടി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങള്‍ ഏറെ വിഷമിച്ചുവെന്നും ജാഗ്ബിര്‍ സിങ് പറയുന്നു. ജനിച്ചു വളര്‍ന്ന നാടിനു വേണ്ടി നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും അതുവഴി ലഭിക്കുന്ന അംഗീകാരങ്ങളും വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിക്കുകയെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു.

2014-ല്‍ ഗ്ലാസ്‌ഗോയില്‍ വെങ്കലം നേടിയതിനു പിന്നാലെ തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം ഹരിയാനയ്ക്കായി മത്സരിക്കാനിറങ്ങി. ഒ.എന്‍.ജി.സിയില്‍ ജോലിയുള്ളപ്പോഴാണ് അര്‍പീന്ദര്‍ ഹരിയാനയ്ക്കായി കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍ ഇത്തവണ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരുടെ പട്ടികയില്‍ നിന്ന് ഹരിയാനക്കാരനല്ലെന്ന കാരണം പറഞ്ഞ് കായിക വകുപ്പ് അദ്ദേഹത്തിന്റെ പേരുവെട്ടുകയായിരുന്നു.

ഒ.എന്‍.ജി.സിയില്‍ ജോലി ചെയ്ത് ലഭിച്ച തുക മുഴുന്‍ പരിശീലനാവശ്യങ്ങള്‍ക്കും ഒരു വീടെന്ന സ്വപ്‌നത്തിനുമായിട്ടാണ് അര്‍പീന്ദര്‍ ചെലവഴിച്ചതെന്നും ജാഗ്ബിര്‍ സിങ് പറയുന്നു. ഏഷ്യന്‍ ഗെയിംസിനു മുന്‍പ് തന്റെ ക്യാഷ് അവാര്‍ഡിനായുള്ള അപേക്ഷ ഹരിയാന സര്‍ക്കാര്‍ നിരസിച്ചതായി അര്‍പീന്ദര്‍ അറിഞ്ഞിരുന്നു. അവന്‍ നേടിയ സ്വര്‍ണം അവനുമാത്രം അവകാശപ്പെട്ടതാണെന്നും ജാഗ്ബിര്‍ സിങ് കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഏറെ മെച്ചപ്പെട്ട ജോലിയാണ് ലഭിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഒരു ഏകീകൃത കായികനയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

had to mortgage land to support arpinders training

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറെയുള്ള കുടുംബമായിരുന്നു അര്‍പീന്ദറിന്റേത്. 1990-ല്‍ കുടുംബത്തിന് ആകെയുണ്ടായിരുന്ന ഒന്നരയേക്കര്‍ സ്ഥലം പണയപ്പെടുത്തിയാണ് ഈ പിതാവ് ഒരു രാജ്യാന്തര കായികതാരമാകണമെന്ന മകന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാന്‍ ഇറങ്ങിത്തിരിച്ചത്. 2014-ലെ വെങ്കല നേട്ടത്തിനു മുന്‍പ് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരുന്നുവെന്നും പലപ്പോഴും മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ വരെ ബുദ്ധിമുട്ടിയിരുന്നുവെന്നും അര്‍പീന്ദരിന്റെ പിതാവ് വെളിപ്പെടുത്തി.

അര്‍പീന്ദറിന്റെ പരിശീലനം മുടങ്ങാതിരിക്കാന്‍ പണം ആവശ്യമായിരുന്നു. അതിന് സ്ഥലം പണയംവെക്കുക എന്നല്ലാതെ മറ്റൊരു വഴിയും മുന്നിലുണ്ടായിരുന്നില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ കടം കൂടിക്കൂടി അഞ്ചു ലക്ഷം വരെയെത്തി. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് 2014-ലെ വിജയം. അതിനു ശേഷമാണ് കടമെല്ലാം തീര്‍ക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

48 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്കായി ഏഷ്യന്‍ ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടുന്ന താരമായിരിക്കുകയാണ് അര്‍പീന്ദര്‍. 16.77 മീറ്റര്‍ ചാടിയാണ് അര്‍പീന്ദര്‍ ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടിയത്.