ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിനം ഇന്ത്യക്ക് ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യ മൂന്നാം ദിനത്തിന് തുടക്കം കുറിച്ചത്. സുധാ സിങ്ങിലൂടെയായിരുന്നു സുവര്‍ണനേട്ടം. ഇതിന് പിന്നാലെ മലയാളി താരങ്ങള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് കരുത്തു പകരുകയായിരുന്നു. 

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം അനു ആര്‍ വെള്ളി നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ മലയാളിയായ ജാബിര്‍ എം.പി വെങ്കലം നേടി.  ട്രിപ്പിള്‍ ജമ്പില്‍ എന്‍.വി ഷീനയിലൂടെ വീണ്ടും രാജ്യത്തിന്റെ മെഡല്‍ പട്ടിക ഉയര്‍ന്നു. എന്‍.വി ഷീന വെങ്കലമാണ് നേടിയത്. വനിതകളുടെ 4x100 മീറ്റര്‍ റിലേയിലാണ് ഇന്ത്യ മറ്റൊരു വെങ്കലം സ്വന്തമാക്കിയത്. 

രണ്ടാം ദിനം ഇന്ത്യന്‍ സംഘം 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടത്തില്‍ ഇരട്ടസ്വര്‍ണം നേടിയിരുന്നു. 400 മീറ്ററില്‍ മുഹമ്മദ് അനസും നിര്‍മ്മലയും ഒന്നാമതെത്തിയപ്പോള്‍ 1500 മീറ്ററില്‍ പി.യു ചിത്രയും അജയ് കുമാര്‍ സരോജും സ്വര്‍ണം കഴുത്തിലണിഞ്ഞു.

നേരത്തെ ആദ്യ ദിനം വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷ വിഭാഗം 5000 മീറ്ററില്‍ ജി.ലക്ഷ്മണുമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നത്. ഇതോടെ മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യ ഏഴു സ്വര്‍ണവും നാലു വെള്ളിയും ഒമ്പതു വെങ്കലവും നേടി.