ഭുവനേശ്വര്‍: ഒരു സാമ്രാജ്യത്തിന്റെ തലവരമാറ്റിയ പോരാട്ടഭൂമിയില്‍ ഒട്ടേറെ കായികതാരങ്ങളുടെ കായികജീവിതം മാറ്റിമറിക്കുന്ന പോരാട്ടങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. 22-ാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കലിംഗ സ്റ്റേഡിയത്തില്‍ ട്രാക്കും ഫീല്‍ഡുമുണരുമ്പോള്‍ സ്വന്തം നാട്ടില്‍ അഭിമാനപോരാട്ടം നടത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. ഏഷ്യയിലെ ആധിപത്യം നിലനിര്‍ത്താന്‍ ചൈനയും അട്ടിമറിസ്വപ്നങ്ങളുമായി ഖത്തറും ജപ്പാനും കസാഖ്സ്താനും രംഗത്തുണ്ട്.

45 രാജ്യങ്ങളില്‍നിന്ന് എണ്ണൂറോളം കായികതാരങ്ങള്‍ ഭുവനേശ്വറില്‍ മത്സരിക്കാനിറങ്ങുന്നു. ഇന്ത്യ മൂന്നാം തവണയാണ് ഏഷ്യന്‍ മീറ്റിന് ആതിഥ്യം വഹിക്കുന്നത്. മുമ്പ് ന്യൂഡല്‍ഹിയിലും പുണെയിലുമാണ് മീറ്റ് നടന്നത്.

1989-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ എട്ട് സ്വര്‍ണമടക്കം 22 മെഡല്‍ നേടി രണ്ടാം സ്ഥാനത്തെത്തിയതാണ് സ്വന്തം മണ്ണിലെ ഇന്ത്യയുടെ മികച്ച പ്രകടനം. 2013-ല്‍ പുണെയില്‍ രണ്ട് സ്വര്‍ണമടക്കം 17 മെഡല്‍ നേടി. 2015-ല്‍ ചൈനയിലെ വുഹാനില്‍ നാല് സ്വര്‍ണമടക്കം 13 മെഡല്‍ നേടി മൂന്നാം സ്ഥാനത്തായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കുത്തക നിലനിര്‍ത്താന്‍ എത്തിയ ചൈനയുടെ സംഘത്തില്‍ 54 പേരുണ്ട്.

സ്പ്രിന്റ് ഇനങ്ങളില്‍ സൂപ്പര്‍ താരം ഖത്തറിന്റെ ഫെമി ഒഗുനോഡ തന്നെ. 100, 200 മീറ്ററുകളിലെ നിലവിലെ ചാമ്പ്യനായ ഫെമിക്ക് ഇത്തവണ കനത്ത വെല്ലുവിളിയുയരും. സീസണില്‍ 9.91 സെക്കന്‍ഡില്‍ ഓടിയിട്ടുള്ള ഖത്തര്‍ താരത്തിന് ബെഹ്റൈന്റെ കെമാര്‍ലെ ബ്രൗണ്‍, ആന്‍ഡ്രു ഫിഷര്‍ എന്നിവര്‍ വെല്ലുവിളിയാകും. ബ്രൗണ്‍ 9.93 സെക്കന്‍ഡിലും ഫിഷര്‍ 9.94 സെക്കന്‍ഡിലും ഫിനിഷ് ചെയ്തിട്ടുണ്ട്. അമിയ കുമാര്‍ മല്ലിക്കാണ് ഈയിനങ്ങളിലെ ഇന്ത്യന്‍ സാന്നിധ്യം.

വനിതകളില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് മെഡല്‍പ്രതീക്ഷയുണ്ട്. കസാഖ്സ്താന്റെ വിക്ടോറിന ഷൈബക്കിനയും ഓള്‍ഗ സഫ്രോനോവയുമാകും ദ്യുതിയുടെ എതിരാളികള്‍. 200 മീറ്ററില്‍ ഇന്ത്യന്‍ താരം ശ്രാബണി നന്ദയും മെഡല്‍പ്രതീക്ഷവെയ്ക്കുന്നു.

400 മീറ്ററില്‍ ദേശീയ റെക്കോഡുകാരനായ മലയാളി താരം മുഹമ്മദ് അനസിന് 45.32 സെക്കന്‍ഡിന്റെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ സ്വര്‍ണം പ്രതീക്ഷിക്കാം. സീസണില്‍ 45.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജപ്പാന്റെ തക്കമാസ കിറ്റഗവയും ഇറാന്റെ അലി ഖാദിവാറുമാണ് (45.64 സെക്കന്‍ഡ്) അനസിന് വെല്ലുവിളിയാവുക. മലയാളി താരം അമോജ് ജേക്കബ്, തമിഴ്നാട്ടുകാരന്‍ ആരോക്യ രാജീവ് എന്നിവരും മത്സരിക്കുന്നുണ്ട്. വനിതാ വിഭാഗത്തില്‍ നിര്‍മലയിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

മധ്യദൂര ഓട്ടത്തില്‍ ടിന്റു ലൂക്കയും ജിന്‍സന്‍ ജേക്കബും മെഡല്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മെഡല്‍ ജേതാക്കളായ ഇരുവര്‍ക്കും ശക്തരായ പ്രതിയോഗികളുണ്ട്. സീസണില്‍ 2:02.86 ആണ് ടിന്റുവിന്റെ മികച്ച സമയം. ശ്രീലങ്കയുടെ നിമല (2:02.58), ഗയന്തികി സുഷാരി (2:02.55) എന്നിവര്‍ക്ക് ഇന്ത്യന്‍ താരത്തേക്കാള്‍ മികച്ച സമയമുണ്ട്.

ജിന്‍സന് ജപ്പാന്റെ ഷോ ക്വമോട്ടോയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. പുരുഷന്‍മാരുടെ 10,000 മീറ്ററില്‍ ലക്ഷ്മണ്‍, മലയാളി താരം ടി. ഗോപി, വനിതകളുടെ സ്റ്റീപ്പിള്‍ചേസില്‍ സുധ സിങ്, റിലേ ടീമുകള്‍ എന്നിവര്‍ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.

ജാവലിനില്‍ ഇന്ത്യന്‍ നായകന്‍ നീരജ് ചോപ്ര ഏറെ പ്രതീക്ഷനല്‍കുന്നു. എന്നാല്‍, സീസണില്‍ 86.92 മീറ്റര്‍ എറിഞ്ഞ ചൈനീസ് തായ്പേയിയുടെ ചെങ് ചാവോ സമുമായി കനത്ത മത്സരം വേണ്ടിവരും. ഹാമര്‍ത്രോയില്‍ ഇറാന്റെ റെസ മോഹാദിമും ചൈനയുടെ വാങ് ഷിസുവും തമ്മിലാകും പോരാട്ടം. കഴിഞ്ഞവര്‍ഷം സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഇന്ദര്‍ജീത്ത് സിങ് വിലക്കുമൂലം ഇത്തവണ മത്സരത്തിനില്ല.