ഭുവനേശ്വര്‍: 22ാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആറുമുതല്‍ ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍. 2015-ല്‍ ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സില്‍ ചൈനയ്ക്കും ഖത്തറിനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇന്ത്യ. ഇക്കുറി സ്വന്തം നാട്ടില്‍ ഇന്ത്യ ഇറങ്ങുന്നത് കൂടുതല്‍ കരുത്തോടെ.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തിയ അഞ്ചുപേര്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിറങ്ങുന്ന 95 അംഗ ഇന്ത്യന്‍ ടീമില്‍ 13 പേര്‍ ദേശീയ റെക്കോഡിന് ഉടമകളാണ്. ഇതില്‍ അഞ്ചുപേരുടെ മികച്ച പ്രകടനം നിലവിലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡിനേക്കാള്‍ മികച്ചത്.

ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ ടീം നായകന്‍ നീരജ് ചോപ്ര, ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ, വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ്, 800 മീറ്ററില്‍ ടിന്റു ലൂക്ക, അന്നുറാണി (ജാവലിന്‍ ത്രോ) എന്നിവരാണ് വ്യക്തിഗത ഇനങ്ങളില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളവര്‍. ഇതിനുപുറമേ പുരുഷന്മാരുടെ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീമിന്റെ ദേശീയ റെക്കോഡും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡിനെക്കാള്‍ മികച്ചതാണ്.

ജാവലിന്‍ ത്രോയില്‍ ജപ്പാന്റെ യുകിഫോമി മുറകാമിയുടെ പേരിലാണ് നിലവിലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് റെക്കോഡ്. 2011-ല്‍ സ്ഥാപിച്ച 83.27 മീറ്റര്‍. എന്നാല്‍, നീരജ് ചോപ്ര അണ്ടര്‍-20 ലോകചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ എറിഞ്ഞ് ജൂനിയര്‍തലത്തില്‍ റെക്കോഡിട്ടിട്ടുണ്ട്. സീസണില്‍ 85.63 മീറ്ററാണ് ഇന്ത്യന്‍ നായകന്റെ മികച്ച ദൂരം. പട്യാല ഫെഡറേഷന്‍ കപ്പിലായിരുന്നു ഈ നേട്ടം. ജാവലിനില്‍ മത്സരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരമായ ദേവീന്ദറിന്റെ കരിയറിലെ മികച്ച നേട്ടവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനെക്കാള്‍ മികച്ചത് (84.57 മീറ്റര്‍). ഇരുവരും ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടിയിട്ടുണ്ട്.

ഡിസ്‌കസ് ത്രോയില്‍ കഴിഞ്ഞതവണ വെള്ളിനേടിയ വികാസിന്റെ കരിയറിലെ മികച്ച ദൂരം 66.28 മീറ്ററാണ്. 2007-ല്‍ ഇറാന്റെ എഹ്സാന്‍ ഹദാദ്ദി പിന്നിട്ട 65.38 മീറ്ററാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ റെക്കോഡ്. കഴിഞ്ഞതവണ 62.03 മീറ്റര്‍ എറിഞ്ഞാണ് വികാസ് വെള്ളി നേടിയത്. സീസണില്‍ 62.35 മീറ്ററാണ് ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനം.

കഴിഞ്ഞവര്‍ഷം ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ മൂന്നാംപാദത്തില്‍ 3 മിനിറ്റ് 00.91 സെക്കന്‍ഡില്‍ ഓടിയെത്തിയ 4ഃ400 റിലേ സംഘത്തിന്റെ പേരിലാണ് ദേശീയ റെക്കോഡ്. എഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞതവണ 3 മിനിറ്റ് 02.50 സെക്കന്‍ഡില്‍ ഓടിയെത്തിയ ഖത്തര്‍ ടീമിന്റെ പേരിലാണ് റെക്കോഡ്. 

വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദിന്റെ ദേശീയ റെക്കോഡും ഉസ്ബെക്കിസ്താന്റെ ല്യൂബോവ് പെറെപെലോവ 2003-ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച റെക്കോഡും ഒരേസമയമാണ്, 11.24 സെക്കന്‍ഡ്. 11.30 സെക്കന്‍ഡാണ് ദ്യുതിയുടെ സീസണിലെ മികച്ച സമയം. 

800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക 2010-ല്‍ ഒരു മിനിറ്റ് 59.17 സെക്കന്‍ഡില്‍ ഓടിയെത്തി ദേശീയ റെക്കോഡിട്ടു. 1998-ല്‍ ചൈനയുടെ ഷാങ് ജിയാന്‍ രണ്ട് മിനിറ്റ് 01.16 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനം. സീസണില്‍ രണ്ട് മിനിറ്റ് 03.59 സെക്കന്‍ഡാണ് ടിന്റുവിന്റെ മികച്ച സമയം. 

ജാവലിന്‍ ത്രോയില്‍ അന്നുറാണി പട്യാല ഫെഡറേഷന്‍കപ്പില്‍ 61.86 മീറ്റര്‍ ദൂരം പിന്നിട്ടാണ് പുതിയ ദേശീയ റെക്കോഡിട്ടത്. ഇതുവഴി ലോകചാമ്പ്യന്‍ഷിപ്പിനും യോഗ്യതനേടി. 61.33 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ലിയു ഷിയാങ്ങിന്റെ പേരിലാണ് ചാമ്പ്യന്‍ഷിപ്പ് റെക്കോഡ്. കഴിഞ്ഞ മീറ്റിലായിരുന്നു ചൈനീസ് താരത്തിന്റെ റെക്കോഡ് പ്രകടനം. ഈ ഇനത്തില്‍ 66.47 മീറ്റര്‍ എറിഞ്ഞ് ഷിയാങ് ഏഷ്യന്‍ റെക്കോഡിട്ടിട്ടുണ്ട്.