ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗം സ്പ്രിന്റ് ഇനങ്ങളില്‍ (100, 200 മീ.) ഇന്ത്യയുടെ പ്രതീക്ഷയായ ദ്യുതി ചന്ദിന് ആശങ്കയുയര്‍ത്തി അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ നീക്കം. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ അളവ് സ്വമേധയാ ശരീരത്തില്‍ കൂടുതലായുണ്ടാകുന്ന പ്രതിഭാസ(ഹൈപ്പറാന്‍ഡ്രോജെനിസം)മാണ് ദ്യുതിക്ക് പ്രശ്നമുയര്‍ത്തുന്നത്.

വ്യാഴാഴ്ച തുടങ്ങുന്ന ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിന് ദ്യുതിക്ക് തടസ്സമൊന്നുമില്ലെങ്കിലും അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി(സി.എ.എസ്.)യുടെ ഇടക്കാലവിധിയുടെ കാലാവധി ജൂലായ് 27-ന് അവസാനിക്കുമെന്നതിനാല്‍ പിന്നീട് ബുദ്ധിമുട്ടുകളുണ്ടാവും. 

ടെസ്റ്റോസ്റ്റെറോണിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് മത്സരാര്‍ഥിക്ക് അനുകൂലഘടകമാണെന്നും അങ്ങനെയുള്ളവര്‍ മത്സരിക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി 2014-ല്‍ ഐ.എ.എ.എഫിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ ദ്യുതിയെ സസ്പെന്‍ഡുചെയ്തിരുന്നു.

എന്നാല്‍, 2015 ജൂലായ് 27-ന് സി.എ.എസില്‍നിന്നും ദ്യുതി അനുകൂല വിധി സമ്പാദിച്ചു. അന്താരാഷ്ട്ര ഫെഡറേഷന്റെ ഹൈപ്പറാന്‍ഡ്രോജെനിസം ചട്ടങ്ങളെ രണ്ടുവര്‍ഷത്തേക്ക് സി.എ.എസ്. സസ്പെന്‍ഡുചെയ്തതോടെയാണിത്. ഈ കാലയളവില്‍ കൂടുതല്‍ ആധികാരികതയോടെ പുതിയചട്ടം ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഐ.എ.എ.എഫിന്റെ സഹായത്തോടെ ഡോക്ടര്‍മാരായ സ്റ്റെഫാനി ബെര്‍മോണും ഴാങ്-യിവ്സ് ഗാര്‍നിയറും ഇതേക്കുറിച്ച് പഠനം നടത്തി. ബ്രിട്ടീഷ് സ്പോര്‍ട്സ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ടെസ്റ്റോസ്റ്റെറോണിന്റെ അളവ് കൂടുതലുള്ള വനിതാമത്സരാര്‍ഥികള്‍ക്ക് സാധാരണ അളവില്‍ ഇവയുടെ അംശമുള്ളവരെക്കാള്‍ 1.4 മുതല്‍ 4.5 ശതമാനം വരെ പ്രകടനം മെച്ചപ്പടുത്താനാവുമെന്ന് പറയുന്നുണ്ട്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഹൈപ്പറാന്‍ഡ്രോജെനിസം ചട്ടമുണ്ടാക്കാനാണ് ഐ.എ.എ.എഫ്. ശ്രമിക്കുന്നത്. രണ്ടുവര്‍ഷത്തെ ഇടക്കാലവിധി കഴിയുന്നയുടന്‍ അന്താരാഷ്ട്ര ഫെഡറേഷന്‍ സി.എ.എസിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.