ഭുവനേശ്വര്‍: സ്വന്തംമണ്ണില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പോരാടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍സംഘത്തിലെ മലയാളിതാരങ്ങള്‍ തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞതവണ മെഡല്‍ നേടിയ ടിന്റു ലൂക്ക, ജിന്‍സന്‍ ജോണ്‍സന്‍ എന്നിവര്‍ക്ക് പുറമെ വ്യക്തിഗതമെഡലുകള്‍ ഇത്തവണത്തെ പ്രതീക്ഷയിലുണ്ട്. 

മുഹമ്മദ് അനസ്, നയന ജെയിംസ്, എന്‍.വി. ഷീന, വി. നീന എന്നിവരുടെ സമീപകാലത്തെ മികച്ചപ്രകടനം പ്രതീക്ഷപകരുന്നു. ഇതിനുപുറമെ മലയാളിതാരങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള റിലേടീമുകളില്‍നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. 95 അംഗ ഇന്ത്യന്‍ ടീമില്‍ 18 മലയാളി താരങ്ങളാണുള്ളത്.

ജപ്പാന്റേയും ചൈനയുടെയേും പ്രമുഖതാരങ്ങളില്ലാത്തത് 400 മീറ്ററില്‍ മുഹമ്മദ് അനസിന്റെ പ്രതീക്ഷവര്‍ധിപ്പിക്കുന്നു. സീസണില്‍ 45.32 സെക്കന്‍ഡില്‍ ഓടിയെത്തി അനസ് ദേശീയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഇതേപ്രകടനം ആവര്‍ത്തിക്കാനായാല്‍ അനസിന് മെഡല്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 800 മീറ്ററില്‍ കഴിഞ്ഞതവണ വെള്ളിനേടിയ കോഴിക്കോട്ടുകാരന്‍ ജിന്‍സന്‍ ജോണ്‍സന്റെ കരിയറിലെ മികച്ചസമയം ഒരു മിനിറ്റ് 45.98 സെക്കന്‍ഡാണ്. 2016-ലാണ് ജിന്‍സന്‍ മികച്ചസമയം കുറിച്ചത്. ഒരു മിനിറ്റ് 50.74 സെക്കന്‍ഡാണ് ഈ സീസണിലെ മികച്ചസമയം. ഡല്‍ഹിയില്‍ വേരുകളുള്ള മലയാളിതാരം അമോജ് ജേക്കബ് ഈയിനത്തില്‍ മത്സരിക്കുന്നുണ്ട്. ഒരുമിനിറ്റ് 50.54 സെക്കന്‍ഡാണ് അമോജിന്റെ സമയം. 

കഴിഞ്ഞതവണ വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയ ടിന്റു ലൂക്ക ആത്മവിശ്വാസത്തിലാണ്. 2010-ല്‍ ഒരു മിനിറ്റ് 59.17 സെക്കന്‍ഡില്‍ ഓടി ദേശീയ റെക്കോഡ് സൃഷ്ടിച്ച ടിന്റുവിന്റെ സീസണിലെ സമയം രണ്ട് മിനിറ്റ് 03.59 സെക്കന്‍ഡാണ്. ലോങ്ജമ്പില്‍ അടുത്തിടെ രണ്ട് മലയാളി താരങ്ങള്‍ മികച്ചപ്രകടനമാണ് നടത്തുന്നത്. പട്യാല ഫെഡറേഷന്‍ കപ്പില്‍ 6.55 മീറ്റര്‍ ചാടിയ പ്രകടനം ഇവിടെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ നയന ജെയിംസിന് മെഡലുറപ്പിക്കാം. സമീപകാലത്ത് ലോങ്ജമ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വി. നീന നടത്തുന്നത്. കരിയറില്‍ 6.66 മീറ്റര്‍ ചാടിയിട്ടുള്ള നീന സീസണില്‍ 6.46 മീറ്റര്‍ ചാടിയതാണ് മികച്ചപ്രകടനം. ട്രിപ്പിള്‍ ജമ്പില്‍ ഷീനയുടെ മികച്ച പ്രകടനം 2016-ല്‍ 13.58 മീറ്റര്‍ ചാടിയതാണ്. ഇത്തവണ ഫെഡറേഷന്‍ കപ്പില്‍ 13.31 മീറ്റര്‍ ചാടിയിരുന്നു. 

പുരുഷന്‍മാരുടെ 10,000 മീറ്ററില്‍ ടി. ഗോപി, ഹെപ്റ്റാത്ലണില്‍ ലിക്സി ജോസഫ്, 200 മീറ്ററില്‍ ജിസ്ന മാത്യു, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജാബിര്‍, 1500 മീറ്ററില്‍ പി.യു. ചിത്ര, റിലേ ടീമുകളിലെ അംഗങ്ങളായി സച്ചിന്‍ റോബി, കുഞ്ഞിമുഹമ്മദ്, അനുരൂപ് ജോണ്‍, മെര്‍ലിന്‍ എന്നിവരും ട്രാക്കിലിറങ്ങും.