മീററ്റിലെ ബഹദൂര്‍പൂരിലുള്ള വീട്ടിലേക്ക് ഇനി അനുറാണിക്ക് പോകാം. ഒരു വര്‍ഷം മുമ്പ് അവിടെ നിന്നിറങ്ങുമ്പോള്‍ മനസില്‍ കുറിച്ചിട്ടപോലെ രാജ്യത്തിനായി മെഡല്‍ സ്വന്തമാക്കിയ ശേഷമൊരു മടക്കം.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ ജാവലിന്‍ ത്രോയില്‍ വെങ്കലമെഡല്‍ നേടിയ ഉത്തര്‍പ്രദേശുകാരി അനുറാണിയുടെ കരിയറും ജീവിതവും രസകരവും പ്രചോദനാത്മകവുമായ കഥപോലയാണ്. പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിച്ചയക്കുന്ന ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കായിക മേഖലക്കെത്തിയത് മുതല്‍ രാജ്യത്തിനായി മെഡല്‍ നേടിയ ശേഷം മാത്രം വീട്ടിലേക്ക് മടങ്ങുകയുള്ളു തീരുമാനം വരെയത് നീണ്ടുകിടക്കുന്നു.

പരമ്പരാഗതകര്‍ഷക കുടുംബത്തില്‍ നിന്നുള്ള അനുവിന് കായികതാരമാകാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്. പിതാവിന്റെ സമ്മതം ലഭിക്കലായിരുന്നു ഇതില്‍ പ്രധാനം. സമ്മതം ലഭിച്ചപ്പോള്‍ പിന്നീട് വന്ന സാമ്പത്തിക പ്രയാസങ്ങള്‍. ഒടുവില്‍ പരിശീലകനായി കാശിനാഥ് നായിക് എത്തുന്നതുവരെ പ്രതിബന്ധങ്ങള്‍ നീണ്ടു. 

2014 ന് ശേഷം പരിക്ക് വില്ലനായെത്തിയെങ്കിലും 2016 ല്‍ ശക്തമായി തിരിച്ചുവന്ന താരം പട്യാല ഫെഡറേഷന്‍കപ്പില്‍ പുതിയ ദേശീയ റെക്കോഡ് സ്ഥാപിക്കുകയും അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിന് യോഗ്യത നേടുകയും ചെയ്തതുവരെയുള്ള കരിയര്‍ നേട്ടങ്ങള്‍. ഒടുവില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വിജയം കഥയിലെ പുതിയ അധ്യായം.

കരിയറിനായി അനുവിന്റെ ത്യാഗങ്ങള്‍ ഒരുപാടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും തിയേറ്റില്‍ പോയി ഇതുവരെ സിനിമ കാണാത്തതുമൊക്കെ, വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതും ഇഷ്ടഭക്ഷണം ഉപേക്ഷിക്കുന്നതുമൊക്കെ ഇതില്‍പ്പെടും.

24-കാരിയായ അനുവാണ് ആദ്യമായി 60 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച ഇന്ത്യന്‍ വനിത താരം.61.86 മീറ്റര്‍ എറിഞ്ഞാണ് പട്യാലയില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ചത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് തവണയാണ് ദേശീയ റെക്കോഡ് താരം പുതുക്കിയത്. ഒളിമ്പിക് മെഡല്‍ മോഹിക്കുന്ന താരത്തിന്റെ അടുത്ത ലക്ഷ്യം ലോകചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ്.