കോഴിക്കോട്: യോനക്‌സ്-സണ്‍റൈസ് മാതൃഭൂമി ഓപ്പണ്‍ ദേശീയ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളിതാരങ്ങളായ കിരണ്‍ ജോര്‍ജും പി.സി. തുളസിയും ക്വാര്‍ട്ടറില്‍. വനിതാ ഡബിള്‍സില്‍ ഒന്നാം സീഡായ അപര്‍ണാ ബാലന്‍-പ്രജക്ത സാവന്ത് കൂട്ടുകെട്ടും അവസാന എട്ടിലേക്ക് മുന്നേറി.

പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ സീഡില്ലാ താരമായ കിരണ്‍ ഉത്തര്‍പ്രദേശിന്റെ അഭിയാന്‍ഷ് സിങ്ങിനെ കീഴടക്കി (21-17, 21-18). മധ്യപ്രദേശിന്റെ 12-ാം സീഡ് പ്രതുല്‍ ജോഷിയെ അട്ടിമറിച്ചാണ് കിരണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്(21-11, 21-15). പെട്രോളിയം ബോര്‍ഡിനായി കളിക്കുന്ന തുളസി വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ റെയില്‍വേയുടെ രണ്ടാം സീഡ് റിയാ മുഖര്‍ജിയെ ഞെട്ടിച്ചാണ് മുന്നേറിയത് (21-7, 22-20). മറ്റൊരു മൂന്നാംവട്ട മത്സരത്തില്‍ ഒന്നാം സീഡായ റെയില്‍വേയുടെ കനികാ കന്‍വാളിനോട് കേരളത്തിന്റെ എ.ജെ. നിരഞ്ജന പൊരുതിത്തോറ്റു (21-13, 24-26, 21-18).

പുരുഷവിഭാഗത്തില്‍ ഒന്നാം സീഡായ ഉത്തര്‍പ്രദേശിന്റെ അന്‍സല്‍ യാദവ്, മൂന്നാം സീഡ് സി. രാഹുല്‍ യാദവ്, എം. മിഥുന്‍, സിറില്‍ വര്‍മ, ആര്യമാന്‍ ടാണ്ടണ്‍, ധ്രുവ് റാവത്ത്, അമര്‍ കുമാര്‍ എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതകളില്‍ നമിതാ പതാനിയ, പുര്‍വ ബാര്‍വി, ഇറ ശര്‍മ, ഭവ്യ റിഷി, വൈദേഹി ചൗധരി, മാളവിക ബന്‍സോദ് എന്നിവരും ക്വാര്‍ട്ടറിലേക്ക് മുന്നേറി.

വനിതാ ഡബിള്‍സില്‍ അപര്‍ണാ ബാലനും പ്രജക്താ സാവന്തും പ്രീക്വാര്‍ട്ടറില്‍ മേഘാ ബോറാ-അനാമികാ കശ്യപ് സഖ്യത്തെ തോല്‍പ്പിച്ചു (21-8, 21-10). അഞ്ചാം സീഡായ കേരളാ സഖ്യം തെരേസാ ജോളിയും അഷ്‌നാ റോയിയും എസ്. പാര്‍വതി-എന്‍. അശ്വതി സഖ്യത്തിനെതിരേ ജയം നേടി ക്വാര്‍ട്ടറില്‍ കടന്നു (21-7, 21-19). ക്വാര്‍ട്ടര്‍ഫൈനല്‍ ശനിയാഴ്ച നടക്കും.

Content Highlights: Yonex Sunrise Mathrubhumi All India Senior Ranking Badminton Tournament