കോഴിക്കോട്: യോനക്സ്- സൺറൈസ് മാതൃഭൂമി അഖിലേന്ത്യാ സീനിയർ റാങ്കിങ് ബാഡ്മിന്റൺ ടൂർണമെന്റിന് കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. യോഗ്യതാ റൗണ്ട് മത്സരങ്ങളാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കുന്നത്. മുൻനിര താരങ്ങൾ മാറ്റുരയ്ക്കുന്ന മെയിൻ ഡ്രോ വ്യാഴാഴ്ച തുടങ്ങും.

യോഗ്യതാ മത്സരങ്ങളിലെ പുരുഷ സിംഗിൾസ് ആദ്യവട്ടത്തിൽ മലയാളി താരങ്ങളായ കെ. അനിരുദ്ധ്, അജിത് വിജിതിലക്, ഒ. അദിൽ, കെ. നിഖിൽ, തേജസ് ശിവകുമാർ, അനിരുദ്ധ് രാജീവ്, കെ.എ. അനീഷ് എന്നിവർ വിജയം നേടി. 64 താരങ്ങളാണ് മെയിൻ ഡ്രോയിൽ കളിക്കുന്നത്. വനിതാ വിഭാഗം യോഗ്യതാ മത്സരങ്ങൾ ബുധനാഴ്ച നടക്കും.

ടൂർണമെന്റ് ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റർ പി.ഐ. രാജീവ് മുഖ്യാതിഥിയാവും. ആറു ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ 21-നാണ്.

ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിൽനിന്ന് 733 താരങ്ങളാണ് മത്സരിക്കുന്നത്.

ഉത്തർപ്രദേശിന്റെ അൻസൽ യാദവാണ് പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ്. മറ്റൊരു യുവവാഗ്ദാനമായ ഉത്തരാഖണ്ഡിന്റെ ബോധിത് ജോഷിയാണ് രണ്ടാം സീഡ്. വനിതാ സിംഗിൾസിൽ റെയിൽവേ താരങ്ങളായ കനിലാ കൻവാളും റിയ മുഖർജിയുമാണ് ഒന്നും രണ്ടും സീഡുകൾ. പുരുഷ ഡബിൾസിൽ മലയാളി കൂട്ടുകെട്ടായ കെ.ടി. രൂപേഷ് കുമാറും വി. ദിജുവും മൂന്നാം സീഡാണ്. അസം സഹോദര ജോഡി അഞ്ജൻ ബുരഗോഹിനും രഞ്ജൻ ബുരഗോഹിനുമാണ് ഒന്നാം സീഡ്. വനിതാ ഡബിൾസിൽ മലയാളിതാരം അപർണാ ബാലനും എയർ ഇന്ത്യയുടെ പ്രജാക്താ സാവന്തും ഉൾപ്പെട്ട ജോഡിയാണ് പ്രഥമ സീഡ്.

Content Highlights: Yonex Sunrise mathrubhumi All India Ranking Badminton