കോഴിക്കോട്: യോനെക്‌സ്-സണ്‍റൈസ് മാതൃഭൂമി ഓപ്പണ്‍ അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളി താരങ്ങളായ പി.സി.തുളസി, എ.ജെ. നിരഞ്ജന, തെരേസാ ജോളി, എന്‍. അശ്വതി എന്നിവര്‍ രണ്ടാം റൗണ്ടില്‍. പുരുഷവിഭാഗത്തില്‍ കേരളത്തിന്റെ കെ. നിഖില്‍ മെയിന്‍ഡ്രോയിലേക്ക് യോഗ്യത നേടി.

വനിതാ സിംഗിള്‍സില്‍ സീഡില്ലാത്ത മലയാളി ഇന്റര്‍നാഷണല്‍ തുളസി പതിനൊന്നാം സീഡായ ദീപാലി ഗുപ്തയെ ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തു (21-5, 21-15). പതിനഞ്ചാം സീഡ് നിരഞ്ജന ഉത്തര്‍ പ്രദേശിന്റെ ആരാധ്യ കുശ്വഹയെ അനായാസം മറികടന്നു (21-19, 21-10). പതിനാറാം സീഡ് തെരേസാ ജോളി കേരളത്തിന്റെതന്നെ തെരേസാ വില്‍സനെയാണ് കീഴടക്കിയത് (21-11, 21-9).

മലയാളികളുടെ പോരാട്ടത്തില്‍ അഞ്ജലി പ്രദീപിനെതിരേ അശ്വതി വിജയം നേടി (21-9, 21-16). ഒന്നാം സീഡായ റെയില്‍വേസ് താരം കനികാ കന്‍വാള്‍ കേരളത്തിന്റെ പവിത്രാ നവീനെ (21-16, 21-17) മറികടന്നു. കേരളത്തിന്റെ നയനാ ഓയാസിസ്, ബി.എം. നീരജ, പവിത്രാ നവീന്‍ എന്നിവര്‍ യോഗ്യതാവട്ടത്തില്‍ വിജയിച്ച് മെയിന്‍ഡ്രോയില്‍ പ്രവേശിച്ചു.

പുരുഷ സിംഗിള്‍സ് യോഗ്യതാ മത്സരത്തിലെ നാലാം റൗണ്ടില്‍ നിഖില്‍ കേരളത്തിന്റെതന്നെ അദില്‍ ഒളങ്കരയെ തോല്‍പ്പിച്ചു. വനിതാ ഡബിള്‍സില്‍ കേരളത്തിന്റെ ആന്‍ഡ്രിയ സാറാ കുര്യന്‍-പവിത്രാ നവീന്‍, അനുഗ്രഹ-സാറാ സിറാജ്, ദിയ അരുണ്‍-അര്‍ച്ചന വര്‍ഗീസ്, ദിയ ബിജു-നയന ഒയാസിസ് ജോഡികള്‍ ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കി. മിക്‌സഡ് ഡബിള്‍സില്‍ ആതിഥേയരുടെ ആര്‍. ശ്രീജിത്ത്-അനുഗ്രഹ കൂട്ടുകെട്ടും അപര്‍ണാ ബാലന്‍-മുനിസ് മുഹമ്മദ് കൂട്ടുകെട്ടും രണ്ടാം റൗണ്ടിലെത്തി.

Content Highlights: Yonex-Sun Rise Mathrubhumi Open Badminton Results