കോഴിക്കോട്: യോനക്‌സ്-സണ്‍റൈസ് മാതൃഭൂമി ഓപ്പണ്‍ അഖിലേന്ത്യാ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സിംഗിള്‍സില്‍ തെലങ്കാനയുടെ സിറില്‍ വര്‍മയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മാളവികാ ബന്‍സോദും ചാമ്പ്യന്‍മാര്‍. പുരുഷ ഡബിള്‍സില്‍ ജി.കൃഷ്ണപ്രസാദ്-ദ്രുവ് കപില സഖ്യവും വനിതാ ഡബിള്‍സില്‍ കെ. മനീഷാ-ഋതുപര്‍ണാ പാണ്ട സഖ്യവും ജേതാക്കളായി. മിക്‌സ്ഡ് ഡബിള്‍സില്‍ റോഷന്‍ കപൂര്‍-ഋതുപര്‍ണാ പാണ്ട കൂട്ടുകെട്ടിനാണ് കിരീടം.

കേരളത്തിന്റെ യുവതാരം കിരണ്‍ ജോര്‍ജിനെ മൂന്നു ഗെയിം നീണ്ട ഫൈനലില്‍ വീഴ്ത്തിയാണ് സിറില്‍ വര്‍മ ജേതാവായത് (21-17, 13-21, 21-8). ആദ്യ ഗെയിമില്‍ 14-10 എന്നനിലയില്‍ മുന്നിട്ടുനിന്നശേഷമാണ് കിരണ്‍ തോറ്റത്. രണ്ടാം ഗെയിമില്‍ എതിരാളിക്ക് പഴുതനുവദിക്കാത്ത പ്രകടനത്തിലൂടെ കിരണ്‍ വിജയം നേടി. എന്നാല്‍ അവസാന ഗെയിമില്‍ കാലിലെ പേശീവലിവുമൂലം വലഞ്ഞ കിരണിന് പിടിച്ചുനില്‍ക്കാനായില്ല.

വനിതാ സിംഗിള്‍സില്‍ സീഡില്ലാ താരം എയര്‍ ഇന്ത്യയുടെ പുര്‍വ ബാര്‍വെയെയാണ് മാളവിക നേരിട്ടുള്ള ഗെയിമില്‍ വീഴ്ത്തിയത് (21-19,23-21). വനിതാ ഡബിള്‍സില്‍ മലയാളി താരം അപര്‍ണാ ബാലനും പ്രജക്താ സാവന്തും ചേര്‍ന്ന ഒന്നാം സീഡ് സഖ്യത്തെ മനീഷാ-ഋതുപര്‍ണാ സഖ്യം ഞെട്ടിച്ചു(21-18,21-13).

പുരുഷ ഡബിള്‍സില്‍ രണ്ടാം സീഡായ കൃഷ്ണപ്രസാദ്-ദ്രുവ് കപില ജോഡി ശ്രീകൃഷ്ണ സായ് പ്രസാദ് പോഡില്‍-ഗൗസ് ഷെയ്ഖ് സഖ്യത്തെ പരാജയപ്പെടുത്തി. പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ടാം ഗെയിം പൂര്‍ത്തിയാവും മുമ്പേ സായ് പ്രസാദ് പരിക്കേറ്റ് പിന്മാറി(22-20,14-5). മിക്‌സ്ഡ് ഡബിള്‍സില്‍ ശ്രീകൃഷ്ണ സായ് പ്രസാദ് പോഡില്‍-കനികാ കന്‍വാള്‍ കൂട്ടുകെട്ടിനെയാണ് റോഷന്‍ കപൂര്‍-ഋതുപര്‍ണാ പാണ്ട കൂട്ടുകെട്ട് മറികടന്നത്(21-19,21-14).

kiran george
മികച്ച കേരള താരമായ കിരണ്‍ ജോര്‍ജിന് ബായ് ഈവന്റ്‌സ് സെക്രട്ടറി ഒമര്‍ റഷീദ് സമ്മാനം നല്‍കുന്നു.

 

മികച്ച കേരളതാരത്തിനുള്ള മാതൃഭൂമി പുരസ്‌കാരം കിരണ്‍ ജോര്‍ജിന് ലഭിച്ചു. സംസ്ഥാന ബാഡ്മിന്റണ്‍ അസോയിയേഷന്റെ മികച്ച ഭാവിതാരത്തിനുള്ള അരലക്ഷം രൂപയുടെ പുരസ്‌കാരവും ദേശീയ ജൂനിയര്‍ ചാമ്പ്യന്‍കൂടിയായ കിരണിനാണ്. മികച്ച പുരുഷ, വനിതാ താരങ്ങള്‍ക്കുള്ള മാതൃഭൂമി പുരസ്‌കാരം യഥാക്രമം ഇരട്ടഫൈനല്‍ കളിച്ച ശ്രീകൃഷ്ണ സായ് പ്രസാദ് പോഡിലിനും ഇരട്ടക്കിരീടം ചൂടിയ ഋതുപര്‍ണാ പാണ്ടയ്ക്കുമാണ്.

ബായ് ഈവന്റ്‌സ് സെക്രട്ടറി ഒമര്‍ റഷീദ് സമ്മാനം നല്‍കി. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. ബായ് ഒബ്‌സര്‍വര്‍ പ്രഭാകര്‍ റാവു, ക്ലബ്ബ് എഫ്.എം. ആര്‍.ജെ. റോഷ്‌നി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി എസ്. മുരളീധരന്‍ സ്വാഗതവും സംസ്ഥാന ബാഡ്മിന്റണ്‍ അസോയിയേഷന്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ നന്ദിയും പറഞ്ഞു

Content Highlights: Yonex-Sun Rise Mathrubhumi Open Badminton All India Senior Ranking Badminton