കോഴിക്കോട്: യോനക്‌സ്- സണ്‍റൈസ് മാതൃഭൂമി ഓപ്പണ്‍ അഖിലേന്ത്യാ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അഞ്ച് വനിതാ താരങ്ങള്‍ യോഗ്യതാ മത്സരങ്ങളിലെ അവസാന റൗണ്ടിലെത്തി. 

ദേശീയ ജൂനിയര്‍ ഒന്നാം നമ്പര്‍ നഫീസാ സാറാ സിറാജ്, ജെ. ജോനില്‍ നിഫി, ആന്‍ഡ്രിയ സാറാ കുര്യന്‍, ദിവ്യ അരുണ്‍, ബി.എം. നീരജ എന്നിവരാണ് മുന്നേറിയത്. അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ ഇവര്‍ക്ക് മെയിന്‍ ഡ്രോയില്‍ സ്ഥാനം നേടാം.

കേരളത്തിന്റെ എസ്.എസ്. മേഘയെയാണ് ആദ്യവട്ടത്തില്‍ സാറ കീഴടക്കിയത് (16-14, 15-6). ജോനില്‍ ഹിമാചലിന്റെ ദര്‍ശാ ഗൗതമിനെ തോല്‍പ്പിച്ചു (8-15, 15-5, 15-5). ആന്‍ഡ്രിയ ഹരിയാണയുടെ ദിവ്യയെ കീഴടക്കി (15-9, 15-6). അസമിന്റെ അങ്കിതയെ കടുത്ത പോരാട്ടത്തിലാണ് ദിവ്യാ അരുണ്‍ മറികടന്നത് (15-9, 11-15, 17-15). നീരജയ്‌ക്കെതിരേ ജാര്‍ഖണ്ഡിന്റെ ഷഗുഫ്ത സഹൂര്‍ രണ്ടാം ഗെയിമില്‍ പരിക്കേറ്റ് പിന്‍മാറി.

മെയിന്‍ ഡ്രോയിലെ മത്സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. പുരുഷ, വനിതാ വിഭാഗം സിംഗിള്‍സില്‍ 64 പേര്‍വീതം മത്സരിക്കും. ഞായറാഴ്ചയാണ് ഫൈനല്‍. ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന് ടൂര്‍ണമെന്റിലെ പ്രകടനം മാനദണ്ഡമാവും.

വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സിന് എക്കാലവും പ്രാമുഖ്യം നല്‍കിയ പാരമ്പര്യമാണ് മാതൃഭൂമിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കളിയെ ഏറെ മുന്നോട്ടുകൊണ്ടുപോവാന്‍ ടൂര്‍ണമെന്റിന് മാതൃഭൂമി നല്‍കിയ പിന്തുണ സഹായകരമാവും - രാജഗോപാല്‍ പറഞ്ഞു. പുതിയ താരങ്ങളുടെ പിറവിക്ക് ടൂര്‍ണമെന്റ് വേദിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രത്യേക ക്ഷണിതാവായി എത്തിയ മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ് പറഞ്ഞു.

ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ. ശിവരാജന്‍ അധ്യക്ഷനായി. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യാ നിരീക്ഷകന്‍ പ്രഭാകര്‍ റാവു, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാകേഷ് ശേഖര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി സെക്രട്ടറി എസ്. മുരളീധരന്‍ സ്വാഗതവും അസോസിയേഷന്‍ ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജീവ് സാബു നന്ദിയും പറഞ്ഞു.

Content Highlights: yonex All India National Ranking Badminton Tournament