കോഴിക്കോട്: ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ജൂനിയർ വനിതാ താരമാണ് മലയാളിയായ നഫീസാ സാറാ സിറാജ്. ജൂനിയർ തലത്തിൽ ഒട്ടേറെത്തവണ ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ സാറയുടെ ലക്ഷ്യം സീനിയർ തലത്തിലും ഒന്നാം നമ്പർ താരമായി ഉയരുകയാണ്. കളിക്കുവേണ്ടി ദുബായിയിൽനിന്ന് കോഴിക്കോട്ടേക്ക് താമസം മാറ്റിയ സാറ അഖിലേന്ത്യാ റാങ്കിങ് ടൂർണമെന്റിന് കളിക്കാനിറങ്ങുന്നതും ഈ ലക്ഷ്യം മുന്നിൽക്കണ്ടുതന്നെ.

സാറ ജനിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. പിതാവ് കാസർകോട് സ്വദേശിയായ സിറാജ് അവിടെ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥനാണ്. പിതാവിനൊപ്പം രസത്തിനായി റാക്കറ്റെടുത്ത സാറ പതുക്കെ ബാഡ്മിന്റണാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ പരിശീലകരാണ് കളിയുടെ ആദ്യപാഠങ്ങൾ പകർന്നു തന്നത്. കൂടുതൽ വിദഗ്‌ധ പരിശീലനത്തിനും മത്സരപരിചയത്തിനുമായി മൂന്നുവർഷം മുമ്പ് കേരളത്തിലേക്ക് തിരിച്ചുവന്നു.

കോഴിക്കോട് സ്പോർട്‌സ് കൗൺസിൽ കോച്ച് എ. നാസറിന്റെ കീഴിലാണ് സാറ മൂന്നുവർഷമായി പരിശീലനം നടത്തുന്നത്. ഇതിനായി താമസവും കോഴിക്കോട്ടേക്ക് മാറ്റി. ജൂനിയർ സർക്യൂട്ടിലെ സ്ഥിരതയാർന്ന പ്രകടനമാണ് റാങ്കിങ്ങിൽ താരത്തെ മുന്നിലെത്തിച്ചത്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞു. ഡബിൾസിൽ മേധാ ശശിധരനനും മിക്സഡ്‌ ഡബിൾസിൽ എഡ്വിൻ ജോയിയുമായിരുന്നു കൂട്ടുകാർ. ഫെബ്രുവരിയിൽ നടന്ന ഡച്ച്, ജർമൻ ഓപ്പൺ ജൂനിയർ ടൂർണമെന്റുകളിലും ഇന്ത്യക്കായി കളിച്ചു.

ഡബിൾസിലാണ് കൂടുതൽ തിളങ്ങുന്നതെങ്കിലും സിംഗിൾസിലും മികച്ച താരമാവുകയാണ് ലക്ഷ്യമെന്ന് സാറ പറയുന്നു. ബെംഗളുരുവിൽ കഴിഞ്ഞവർഷം അഖിലേന്ത്യാ റാങ്കിങ് ടൂർണമെൻിൽ ക്വാർട്ടറിൽ കടന്ന് സാറ സിംഗിൾസിലും കരുത്തുകാട്ടി. മികവ് തുടരനാവുമെന്ന പ്രതീക്ഷയിലാണ് സാറ കോഴിക്കോട്ട് കളിക്കാനിറങ്ങുന്നത്. ഡബിൾസിലും മിക്സഡ്‌ ഡബിൾസിലും മെയിൻഡ്രോയിൽ കളിക്കുന്നു. സിംഗിൾസിൽ യോഗ്യതാ മത്സരങ്ങളിൽ ജയിച്ച് മെയിൻഡ്രോയിൽ സ്ഥാനം നേടാനാവുമെന്നാണ് പ്ലസ് ടു കഴിഞ്ഞിരിക്കുന്ന സാറയുടെ പ്രതീക്ഷ.

Content HIghlights: Sunreise Yonex Mathrubhumi All India Ranking Badminton Tournament