കോഴിക്കോട്: പി.വി സിന്ധുവിനെയും സൈന നേവാളിനെയും പോലുള്ള താരങ്ങള്‍ ഓള്‍ ഇന്ത്യ നാഷണല്‍ റാങ്കിങ് ടൂര്‍ണമെന്റുകളില്‍ കളിക്കണമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം വി. ദിജു. കോഴിക്കോട് നടക്കാനിരിക്കുന്ന യോനക്‌സ് സണ്‍റൈസ് മാതൃഭൂമി ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായി മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ റാങ്കിങ്ങും ദേശീയ മത്സരങ്ങളിലെ പോയന്റുമെല്ലാം അടിസ്ഥാനമാക്കിയാണ് രാജ്യാന്തര മത്സരങ്ങളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ലോകചാമ്പ്യന്‍ഷിപ്പ്, തോമസ് ആന്റ് യൂബര്‍ കപ്പ്, സുധീര്‍മന്‍ കപ്പ് തുടങ്ങിയ രാജ്യാന്തര ടൂര്‍ണമെന്റുകളിലേക്കെല്ലാം താരങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഓള്‍ ഇന്ത്യ നാഷണല്‍ റാങ്കിങ് അടിസ്ഥാനമാക്കിയാണ്. 

പണ്ട് ഈ റാങ്കിങ് ടൂര്‍ണമെന്റുകള്‍ നിര്‍ബന്ധമായിരുന്നു. എന്നാലിപ്പോള്‍ ഇത്തരത്തിലുള്ള റാങ്കിങ് ടൂര്‍ണമെന്റുകളുടെ പ്രാധാന്യം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഇപ്പോഴത്തെ പ്രധാന താരങ്ങളായ പി.വി. സിന്ധു, സൈന നേവാള്‍ തുടങ്ങിയ പ്രധാന താരങ്ങളാരും തന്നെ ഇത്തരം ടൂര്‍ണമെന്റുകള്‍ കളിക്കുന്നില്ല എന്നതു തന്നെയാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ഓള്‍ ഇന്ത്യ നാഷണല്‍ റാങ്കിങ് ടൂര്‍ണമെന്റുകള്‍ പ്രധാന ടൂര്‍ണമെന്റായി ഇത് പരിഗണിക്കപ്പെടുന്നില്ല. ഇപ്പോള്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്. അവര്‍ക്ക് ഇത്തരം റാങ്കിങ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടും പുറത്ത് രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല. യുവതാരങ്ങള്‍ ഇത്തരം ടൂര്‍ണമെന്റുകള്‍ കളിച്ച് ജയിച്ചാലും അവരെ രാജ്യാന്തര മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും ദിജു പറഞ്ഞു.

നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം മാത്രം നോക്കിയാണ് രാജ്യാന്തര ടൂര്‍ണമെന്റുകളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ താരങ്ങള്‍ക്ക് സ്വന്തം ചിലവില്‍ പുറത്ത് പോയി കളിച്ച് റാങ്കിങ് മെച്ചപ്പെടുത്തണം. അത് ജോലിയും മറ്റുമില്ലാത്ത താരങ്ങള്‍ക്ക് സാധിക്കാത്ത കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറച്ച് കാലം മുന്‍പ് ദേശീയ മത്സരങ്ങളില്‍ വിജയം നേടിയാലും രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ റാങ്കിങ് ടൂര്‍ണമെന്റുകള്‍ വഴി റാങ്കിങ് മെച്ചപ്പെടുത്തണമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. രാജ്യത്തെ പ്രാധാന താരങ്ങള്‍ രാജ്യാന്തര മത്സരങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിനാല്‍ തന്നെ അവരാരും ദേശീയ മത്സരങ്ങളോ ഇത്തരം റാങ്കിങ് ടൂര്‍ണമെന്റുകളോ കളിക്കുന്നില്ല. തനിക്ക് ഇത്തരം റാങ്കിങ് ടൂര്‍ണമെന്റുകള്‍ കളിച്ചാണ് ദേശീയ തലത്തിലും രാജ്യാന്ത തലത്തിലും കളിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ലഭിച്ചതെന്നും ഇതിനോടൊപ്പം ദിജു കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 16 മുതല്‍ 21 വരെ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് യോനക്‌സ് സണ്‍റൈസ് മാതൃഭൂമി ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. 28 സംസ്ഥാനങ്ങളില്‍ നിന്ന് 733 താരങ്ങള്‍ മാറ്റുരയ്ക്കും. 805 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ആകെയുള്ളത്.

Content Highlights: Players like Sindhu and Saina should play ranking tournaments V. Diju