കോഴിക്കോട്: പതിനഞ്ച് വര്‍ഷത്തിനുശേഷം ഒരു ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് വേദിയാകാനൊരുങ്ങുകയാണ് കോഴിക്കോട്. മാതൃഭൂമി-യോനക്‌സ് സണ്‍റൈസ് അഖിലേന്ത്യാ ബാഡ്മിന്റണ്‍ റാങ്കിങ് ടൂര്‍ണമെന്റിന് ചൊവ്വാഴ്ച തുടക്കമാവുകയാണ്.

അവസാനമായി ഒരു ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കോഴിക്കോട്ട് നടന്നത് 2004-ല്‍ ആയിരുന്നു. അന്ന് ഇവിടെ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവായ ആളാണ് ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയ സൈന നേവാള്‍. 14 വയസ് പ്രായമുള്ളപ്പോഴാണ് സൈന കോഴിക്കോട് കിരീടമുയര്‍ത്തുന്നത്. 

അന്നത്തെ സ്‌കോറിങ് സിസ്റ്റം തന്നെ വ്യത്യസ്തമായിരുന്നുവെന്ന് കേരള ബാഡ്മിന്റണ്‍ സ്‌റ്റേറ്റ് അസോസിയേഷന്‍ സി.ഇ.ഒ മുരളീധരന്‍ പറയുന്നു. അന്ന് 15 പോയന്റിലായിരുന്നു ഗെയിം. ഇന്ന് 21 പോയന്റായി റാലി സ്‌കോറിങ് സിസ്റ്റം എന്നാണ് അതിനെ പറയുന്നത്. 1968-1969 കാലത്ത് ഇന്ത്യയ്ക്കായി കളിച്ച മുരളീധരന്‍ പിന്നീട് ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായിരുന്നു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

1992-ല്‍ കോഴിക്കോട് കളിച്ച പല താരങ്ങളും പിന്നീട് ഇന്ത്യയെ പ്രതിനീധീകരിച്ചിട്ടുണ്ട്. അവരില്‍ പലരും ഇന്ന് പരിശീലക വേഷത്തില്‍ തിളങ്ങുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മഹാരാഷ്ട്ര സ്വദേശി ഉദയ് പവാര്‍ കേരള താരം വിമല്‍ കുമാര്‍ എന്നിവര്‍ അവരില്‍ ചിലരാണ്. അന്ന് കോഴിക്കോട്ട് വെച്ച് സിംഗിള്‍സ് ജേതാക്കളായ വിക്രം സിങ്ങും മധുമിതാ ബിഷ്ടും പിന്നീട് ജീവിതത്തിന്റെ കോര്‍ട്ടിലും ഒന്നിച്ചു. മധുമിത ഒമ്പത് വര്‍ഷം ദേശീയ ജേതാവായിരുന്നു.

ഇപ്പോഴിതാ വീണ്ടും കോഴിക്കോടിന്റെ മണ്ണ് ബാഡ്മിന്റണ്‍ ആവേശത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 16-മുതല്‍ 21-വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 28 സംസ്ഥാനങ്ങളില്‍ നിന്ന് 733 കളിക്കാരാണ് പങ്കെടുക്കുന്നത്. ആകെ 805 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ നടക്കുന്നത്.

National Ranking Badminton Tournament in calicut after 15 years