കോഴിക്കോട് : യോനക്‌സ്-സണ്‍റൈസ് മാതൃഭൂമി അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് എത്തുന്നത് വന്‍ താരനിര. വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 16 മുതല്‍ 21 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. 28 സംസ്ഥാനങ്ങളില്‍നിന്ന് 733 താരങ്ങളാണ് ആറുനാള്‍ നീളുന്ന പോരാട്ടങ്ങള്‍ക്കായി കോഴിക്കോട്ടെത്തുന്നത്.

ഇന്ത്യയുടെ ഭാവിതാരമായി അറിയപ്പെടുന്ന ഉത്തര്‍പ്രദേശ് താരം അന്‍സല്‍ യാദവാണ് പുരുഷവിഭാഗത്തില്‍ ഒന്നാം സീഡ്. കൊച്ചിയില്‍ ഒക്ടോബറില്‍ നടന്ന ആര്‍.എസ്.സി. അഖിലേന്ത്യാ റാങ്കിങ് ടൂര്‍ണമെന്റില്‍ 21-കാരനായ അന്‍സല്‍ ജേതാവായിരുന്നു. ഉത്തരാഖണ്ഡിന്റെ ബോധിത് ജോഷിയാണ് രണ്ടാം സീഡ്. കഴിഞ്ഞവര്‍ഷം ഐസ്ലന്‍ഡ് ഓപ്പണില്‍ പ്രമുഖതാരങ്ങളെ അട്ടിമറിച്ച് ബോധിത് ഫൈനലില്‍ കടന്നിരുന്നു. ഇത്തവണ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തി. മൂന്നാം സീഡായ രാഹുല്‍ യാദവിന്റെപേരില്‍ രണ്ട് അന്താരാഷ്ട്ര കിരീടങ്ങളുണ്ട്. 2016-ല്‍ മൗറീഷ്യസ് ഇന്റര്‍നാഷണല്‍ ചാലഞ്ചിലും 2017-ല്‍ ലോഗോസ് ഇന്റര്‍നാഷണലിലുമാണ് 20-കാരനായ രാഹുല്‍ ജേതാവായത്.

ആര്യമാന്‍ ടാണ്ടണ്‍(4), അലപ് മിശ്ര(5), കാര്‍ത്തിക് ജിന്‍ഡാല്‍(6), കൗശല്‍ ധരമ്മര്‍(7), ഡി. ജസ്വന്ത്(8), അരിന്താപ് ദാസ്ഗുപ്ത(9), കെ. ജഗദീഷ്(10), സി. രോഹിത് യാദവ്(11), പ്രതുല്‍ ജോഷി(12), സിറില്‍ വര്‍മ(13), അഡ്രിയന്‍ ജോര്‍ജ്(14), സിദ്ധാര്‍ഥ് പ്രതാപ് സിങ്(15), കേരളാ താരം മുനാവര്‍ മുഹമ്മദ്(16) എന്നിവരാണ് സീഡിങ്ങുള്ള മറ്റുതാരങ്ങള്‍. കേരളത്തിന്റെ കിരണ്‍ ജോര്‍ജ്, അജയ് സതീഷ്‌കുമാര്‍ നായര്‍ എന്നിവരും മെയിന്‍ഡ്രോയില്‍ സ്ഥാനം നേടിയിട്ടുണ്ട്.

വനിതാ സിംഗിള്‍സില്‍ റെയില്‍വേ താരങ്ങളായ കനിലാ കന്‍വാളും റിയ മുഖര്‍ജിയുമാണ് ഒന്നും രണ്ടും സീഡുകള്‍. ദേശീയ വനിതാ റാങ്കിങ്ങില്‍ നാലാമതാണ് കനില. റിയ ആറാം സ്ഥാനത്തുമുണ്ട്. റെയില്‍വേക്കായി ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനമാണ് ഇരുവരുടേതും. ഗോവയുടെ അനുര പ്രഭുദേശായിയാണ് മൂന്നാം സീഡ്.

എ.ജെ. നിരഞ്ജനയും(15), ട്രീസാ ജോളിയുമാണ്(16) സീഡിങ് ലഭിച്ച കേരള താരങ്ങള്‍. മെയിന്‍ ഡ്രോയില്‍ എന്‍. അശ്വതി, ആദ്യ വാരിയത്ത് എന്നീ മലയാളി താരങ്ങളുമുണ്ട്. വൈദേഹി ചൗധരി, വൈഷ്ണവി ബാലെ, നേഹാ പണ്ഡിറ്റ്, ഇറ ശര്‍മ തുടങ്ങിയ മികച്ചതാരങ്ങളും പോരാട്ടത്തിനുണ്ട്.

പുരുഷ ഡബിള്‍സില്‍ മലയാളി കൂട്ടുകെട്ടായ കെ.ടി. രൂപേഷ് കുമാറും വി. ദിജുവും മൂന്നാം സീഡാണ്. അസം സഹോദര ജോഡി അഞ്ജന്‍ ബുരഗോഹിനും രഞ്ജന്‍ ബുരഗോഹിനുമാണ് ഒന്നാം സീഡ്. വനിതാ ഡബിള്‍സില്‍ മലയാളിതാരം അപര്‍ണാ ബാലനും എയര്‍ ഇന്ത്യയുടെ പ്രജാക്താ സാവന്തും ഉള്‍പ്പെട്ട ജോഡിയാണ് പ്രഥമ സീഡ്. കേരളത്തിന്റെ റിസ ഫറത്ത്-കെ.പി. ശ്രുതി കൂട്ടുകെട്ട് മൂന്നാം സീഡാണ്. മിക്‌സഡ് ഡബിള്‍സില്‍ ഗൗസ് ഷെയ്ക്-കെ. മനീഷാ കൂട്ടുകെട്ടാണ് ആദ്യ സീഡ്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും യോഗ്യതാ മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ രാവിലെ എട്ടിന് തുടങ്ങും. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

Content Highlights: All India Senior Ranking Badminton Tournament