കോഴിക്കോട്: യോനക്സ് സൺറൈസ് മാതൃഭൂമി ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കോഴിക്കോട് വേദിയാകുന്നു. ഏപ്രില്‍ 16 മുതല്‍ 21 വരെ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്. 28 സംസ്ഥാനങ്ങളില്‍ നിന്ന് 733 താരങ്ങള്‍ മാറ്റുരയ്ക്കും. 805 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ആകെയുള്ളത്. 

16,17 തിയ്യതികളില്‍ യോഗ്യതാ റൗണ്ടും 18 മുതല്‍ 21 വരെ മെയിന്‍ ഡ്രോ മത്സരങ്ങളുമാണ് നടക്കുക. അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ടൂര്‍ണമെന്റ് കൂടിയാണ് ഇത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അമ്പതില്‍ അധികം ഒഫീഷ്യലുകൾ മത്സരം നിയന്ത്രിക്കും. ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള മുഹമ്മദ് അലി, തെലങ്കാനയില്‍ നിന്നുള്ള ആനന്ദ് ബാബു, കേരളത്തില്‍ നിന്നുള്ള ദിവാകരന്‍ എന്നീ റഫറിമാരുടെ നേതൃത്വത്തിലാണ്.

Content Highlights: All India Senior Ranking  Badminton Tournament