ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അകപ്പെട്ട മലയാളി നേവി ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമിയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ എയര്‍ കൊമൊഡോര്‍ എം.എസ് ശ്രീധറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അപകടത്തിനിടയില്‍ അഭിലാഷിന്റെ നട്ടെല്ലിന്റെ കശേരുവിന് പൊട്ടലേറ്റിരുന്നു. 

രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നെന്നും അഭിലാഷ് സുഖം പ്രാപിക്കുകയാണെന്നും ഇന്ത്യന്‍ നാവിക സേന വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം അഭിലാഷിനെ നാവികസേന മേധാവി സുനില്‍ ലാംബ സന്ദര്‍ശിച്ചു. എയര്‍ കൊമൊഡോര്‍ എം.എസ് ശ്രീധറുമായി ലാംബ ചര്‍ച്ച നടത്തുകയും ചെയ്തു. 

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് അഭിലാഷ് ടോമിയെ ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐ.എന്‍.എസ് സത്പുരയില്‍ വിശാഖപട്ടണത്ത് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സൈനികാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്രഞ്ച് മത്സ്യബന്ധന കപ്പല്‍  രക്ഷപ്പെടുത്തിയ അഭിലാഷ് ടോമിയെ ആദ്യമെത്തിച്ചത് ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലേക്കായിരുന്നു. അവിടെവെച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ഐ.എന്‍.എസ് സത്പുരയില്‍ വിശാഖപട്ടണത്ത് എത്തിക്കുകയായിരുന്നു.

Content Highlights: Navy Chief Admiral Sunil Lanba Meets Sailor Abhilash Tomy After Surgery