കൊച്ചി: സാഹസിക പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ പരിക്കേറ്റ മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സ തുടങ്ങിയതായും അഭിലാഷിന്റെ ആരോഗ്യസ്ഥിതി മോശമല്ലെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. അദ്ദേഹം ആഹാരം കഴിച്ചു. സംസാരിക്കുന്നുമുണ്ട്. -സേന പറഞ്ഞു.

തിങ്കളാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിലെ അപകടസ്ഥലത്തുനിന്ന് അഭിലാഷിനെ രക്ഷിച്ച ഫ്രഞ്ച് കപ്പലായ ഒസിരിസ് ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് ആംസ്റ്റർഡാം തീരത്തടുത്തത്. പതിനൊന്നിന് അഭിലാഷിന്റെ എക്സ്റേയെടുത്തു. ചികിത്സയുടെ ഭാഗമായി മയക്കിക്കിടത്തിയിരിക്കുകയാണ്. ഫ്രഞ്ചുകാരനായ ഡോക്ടറാണ് ചികിത്സിക്കുന്നത്. അഭിലാഷിനൊപ്പം അപകടത്തിൽപ്പെട്ട ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും ഇതേ ആശുപത്രിയിലാക്കിയിട്ടുണ്ട്.

വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റുമെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ആംസ്റ്റർഡാമിലേക്ക് നീങ്ങുന്ന ഐ.എൻ.എസ്. സത്പുരയിൽ അദ്ദേഹത്തെ മൗറീഷ്യസിലെത്തിക്കുമെന്ന് നിർമല ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചയോടെ സത്പുര ആംസ്റ്റർഡാമിലെത്തും. അതുവരെ ഒസിരിസ് ദ്വീപിന്റെ തീരത്തുതന്നെയുണ്ടാവും. ഓസ്‌ട്രേലിയൻ പടക്കപ്പലായ എച്ച്.എം.എ.എസ്. ബലാററ്റും ഇവിടേക്ക് നീങ്ങുന്നുണ്ട്. അഭിലാഷിന് എറ്റവും ഉചിതമായ ചികിത്സ നൽകുന്നതിന് എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.

അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് അദ്ദേഹത്തെ രക്ഷിക്കുന്നതിന് നേതൃത്വം നൽകിയ ഓസ്‌ട്രേലിയൻ ഓഫീസറായ ഫിൽ ഗാഡെൻ പറയുന്നത്. അഭിലാഷിന് ചലിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്ന് 3200 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിലും തിരമാലയിലും പായ്‌മരമൊടിഞ്ഞ് അദ്ദേഹത്തിന്റെ മുതുകിൽ വീഴുകയായിരുന്നു. സാഹസിക പായ്‌വഞ്ചിയോട്ട മത്സരമായ ഗോൾഡൻ ഗ്ലോബ് റെയ്‌സിൽ പങ്കെടുക്കുകയായിരുന്നു അഭിലാഷ്. മൂന്നുദിവസം കാറ്റിലും കോളിലും പെട്ടുകിടന്ന അദ്ദേഹത്തെ തിങ്കളാഴ്ചയാണ് ഫ്രഞ്ച് കപ്പൽ രക്ഷപ്പെടുത്തിയത്.

ആംസ്റ്റർഡാം ദ്വീപ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് ആകെ 55 ചതുരശ്ര കിലോമീറ്റർ വിസ്തീർണമേയുള്ളൂ. 28 പേർ മാത്രമാണ് താമസക്കാർ. സ്പാനിഷ് സഞ്ചാരിയായ ഹുവാൻ സെബാസ്റ്റ്യൻ എൽകാനോ 1522 മാർച്ച് 18 -നാണ് ദ്വീപ് കണ്ടെത്തിയത്. 1633 ജൂൺ 17-ന് നാവികൻ അന്തോണി വാൻ ഡീമെനാണ് ദ്വീപിന് പേരിട്ടത്. തന്റെ കപ്പലായ ആംസ്റ്റർഡാമിന്റെ പേരാണ് അദ്ദേഹം ദ്വീപിന് നൽകിയത്. ന്യൂ ആംസ്റ്റർഡാം എന്നും ദ്വീപിന് പേരുണ്ട്.