മുംബൈ: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് മൗറീഷ്യസിലേക്ക് മാറ്റാന്‍ സാധ്യത. ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് സത്പുരയിലാകും അദ്ദേഹത്തെ മൗറീഷ്യസിലേക്ക് കൊണ്ടുപോകുക. അഭിലാഷ് ടോമി ചികിത്സയില്‍ കഴിയുന്ന ആംസ്റ്റര്‍ഡാം ദ്വീപില്‍ ഐ.എന്‍.എസ് സത്പുര ഇന്ന് എത്തിച്ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മൗറീഷ്യസിലെത്തിയ ശേഷം അഭിലാഷിന് വിദഗ്ദ്ധ ചികിത്സ നല്‍കും. അതിനുശേഷം ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ മൗറീഷ്യസില്‍ നിന്ന് വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കും. 

അഭിലാഷിന് ആശുപത്രിയില്‍ ചികിത്സ തുടങ്ങിയതായും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നും നേരത്തെ ഇന്ത്യന്‍ നാവികസേന അറിയിച്ചിരുന്നു. ചില പരിക്കുകളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പും വ്യക്തമാക്കിയിരുന്നു. 

Read More: നന്ദി... എന്നിലെ ആ നാവികനാണ് കടലില്‍ നിന്ന് കരകയറ്റിയത്; അനുഭവങ്ങള്‍ പങ്കുവച്ച് അഭിലാഷ് ടോമി.

നാവികസേനയ്ക്കും തന്നെ രക്ഷിച്ച എല്ലാവര്‍ക്കും ആംസ്റ്റര്‍ഡാമിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് അഭിലാഷ് നന്ദി അറിയിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇത്. ഒപ്പം ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ ചിത്രവും നാവികസേന പുറത്തുവിട്ടു. 

ഫ്രഞ്ച് കപ്പലായ ഓസിരിസ് തിങ്കളാഴ്ച ഉച്ചയോടെയാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പെട്ട് മൂന്നുദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. ഓസിരിസില്‍ നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്റെ പായ്വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്‌ട്രെച്ചറിന്റെ സഹായത്തോടെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അഭിലാഷിനെ ഓസിരിസില്‍ തന്നെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു. 

ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlights: Indian Navy likely to meet Abhilash Tomy on Thursday