കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി റേസിനിടെ അപകടത്തില്‍പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഇന്ത്യയിലെത്തിയേക്കും. ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് അഭിലാഷ് ടോമിയുമായി യാത്ര തിരിച്ച ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് സത്പുര ഇന്ന് വൈകുന്നേരത്തോടെ വിശഖാപട്ടണത്ത് എത്തുമെന്നാണ് സൂചന. 

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ ക്ഷോഭത്തില്‍ പരിക്കേറ്റ അഭിലാഷിനെ ആദ്യം ആംസ്റ്റര്‍ഡാം ദ്വീപിലേക്കാണ് എത്തിച്ചത്. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഐ.എന്‍.എസ് സത്പുരയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 28 (വെള്ളിയാഴ്ച്ച)നാണ് അഭിലാഷ് ടോമിയുമായി ഐ.എന്‍.എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. ആദ്യം മുംബൈയിലേക്ക് പോകാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് വിശാഖപട്ടണത്തേക്ക് ദിശ മാറ്റുകയായിരുന്നു. 

നാവികസേനയ്ക്കും തന്നെ രക്ഷിച്ച എല്ലാവര്‍ക്കും ആംസ്റ്റര്‍ഡാമിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് അഭിലാഷ് നന്ദി അറിയിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇത്. ഒപ്പം ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ ചിത്രവും നാവികസേന പുറത്തുവിട്ടിരുന്നു.

Read More: 'തിരകള്‍ പായ്മരത്തിന്റെ തുഞ്ചത്തേക്ക് ചുഴറ്റിയെറിഞ്ഞു, ഒറ്റക്കൈയില്‍ തൂങ്ങിയാടി തട്ടിലേക്ക് വീണു' 

ഫ്രഞ്ച് കപ്പലായ ഓസിരിസ് സെപ്റ്റംബര്‍ 24 (തിങ്കളാഴ്ച്ച ഉച്ചയോടെ) നാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പെട്ട് മൂന്നുദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. ഓസിരിസില്‍ നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്റെ പായ്വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്ട്രെച്ചറിന്റെ സഹായത്തോടെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അഭിലാഷിനെ ഓസിരിസില്‍ തന്നെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു. 

ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്‌വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്‌വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷിന്റെ നടുവിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

Read More: നന്ദി... എന്നിലെ ആ നാവികനാണ് കടലില്‍ നിന്ന് കരകയറ്റിയത്.

 

Content Highlights: Abhilash Tomy will reach at visakhapatnam Today