ളിക്കാനിറങ്ങുന്ന വീട്ടുമുറ്റം പോലെയാണ് അഭിലാഷ് ടോമിക്ക് കടല്‍. ഏഴാം വയസ്സില്‍ കണ്ട കടലിനെക്കുറിച്ച് പറയുന്ന ഒരു ഡോക്യുമെന്ററിയില്‍ തുടങ്ങിയതാണ് അഭിലാഷും കടല്‍തിരകളും തമ്മിലുള്ള പ്രണയം. എന്നിട്ടും അഭിലാഷിനെ കടല്‍ ഭയപ്പെടുത്തി. കപ്പലുകളൊന്നും സഞ്ചരിക്കാത്ത, എത്തിപ്പെടാന്‍ പ്രയാസമായ ആ കടല്‍വഴിയില്‍ വേദന തിന്ന് അഭിലാഷ് മൂന്നു ദിവസം കിടന്നു. ആകെ കൂട്ടിനുണ്ടായിരുന്നത് പ്രിയപ്പെട്ട പായ്‌വഞ്ചി തൂരിയ മാത്രം. തന്നെ ഭയപ്പെടുത്തിയ കടലിനേയും ചുഴറ്റിയെറിഞ്ഞ തിരകളേയും അതിജീവിച്ച് ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ കടന്നുപോയ, നരകതുല്ല്യമായ ആ മൂന്നു ദിവസം ഓര്‍ത്തെടുക്കുകയാണ് അഭിലാഷ്. 

കടലാകെ പ്രക്ഷുബ്ധമായിരുന്നു, കാറും കോളും നിറഞ്ഞപ്പോള്‍ ഉയര്‍ന്നടിച്ച തിരകള്‍ എന്നെ പായ്മരത്തിന്റെ തുഞ്ചത്തേക്ക് ചുഴറ്റിയെറിഞ്ഞു. 14 മീറ്റര്‍ വരെ ഉയരത്തിലാണ് തിരകളടിച്ചത്. ഇതിനനുസരിച്ച് 110 ഡിഗ്രി വരെ ഉയര്‍ന്ന വഞ്ചി പിന്നീട് നിവര്‍ന്നപ്പോള്‍ ഞാന്‍ തുഞ്ചത്ത് നിന്നും മരം ഉറപ്പിച്ചിരുന്ന തട്ടിലേക്ക് വീണു. ഇതുപോലൊരു കടലിനെ ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. നരകതുല്ല്യമെന്നല്ലാതെ ആ നിമിഷത്തെ വിവരിക്കാന്‍ വേറെ വാക്കുകളില്ല. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രതിനിധിയുമായി സാറ്റലൈറ്റ് ഫോണില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ്. കടല്‍ത്തിരയില്‍പ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയ എക്കിള്‍ നിലക്കാത്തതിനാല്‍ പ്രയാസപ്പെട്ടായിരുന്നു അഭിലാഷ് ഓരോ നിമിഷവും വിവരിച്ചത്. 

പായ്മരത്തിന്റെ തുഞ്ചത്തുനിന്ന് താഴേക്ക് വീഴുന്നതിനിടയില്‍ വാച്ച് കയറില്‍ കുരുങ്ങി. ഒറ്റക്കൈയില്‍ തൂങ്ങി കുറച്ചുനേരം നിന്നു. കണങ്കൈ ഒടിയുമെന്ന് വരെ തോന്നി. അത്രയ്ക്ക് വേദനയുണ്ടായിരുന്നു. ഭാഗ്യത്തിന് വാച്ചിന്റെ സ്ട്രാപ്പ് പൊട്ടി. ഇതോടെ കൈ പിടിത്തംവിട്ടു. വഞ്ചിയുടെ തട്ടിലേക്ക് വീണു. എങ്ങനെയെങ്കിലും തൂരിയയെ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു പിന്നീടുള്ള ശ്രമം. പഠിച്ചതെല്ലാം പയറ്റിനോക്കി. പക്ഷേ പരാജയമായിരുന്നു ഫലം. 150 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനേയും 14 മീറ്റര്‍ ഉയരത്തിലടിക്കുന്ന തിരമാലയേയും മറികടന്ന് എങ്ങനെ മുന്നോട്ടുനീങ്ങാനാണ്? 

abhilash tomy
അഭിലാഷിന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

അപകടത്തില്‍പെടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസംതന്നെ അതിശക്തമായ കാറ്റ് വീശാന്‍ പോകുകയാണെന്ന് അറിയാമായിരുന്നു. ബാരോമീറ്ററില്‍ 1020 മില്ലിബാറുണ്ടായിരുന്നത് 50 പോയിന്റ് ഇടിഞ്ഞതോടെ ചുഴലിക്കാറ്റ് രൂപംകൊള്ളുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അതിനിടെ കാറ്റില്‍നിന്നു വൈദ്യുതിയുണ്ടാക്കാനുള്ള സംവിധാനവും തകര്‍ന്നു. വഞ്ചി വീണ്ടും തിരയില്‍പ്പെട്ട് ഗ്യാസ് അടുപ്പും സിലിണ്ടറും താഴെ വീണു. വാതകം ചോരുന്നുണ്ടായിരുന്നു. സിലിണ്ടര്‍ നേരെയാക്കി ചോര്‍ച്ച തടഞ്ഞു.

അപ്പോഴേക്കും എഞ്ചിന് സമീപം ഡീസല്‍ ചോര്‍ച്ചയുണ്ടായി. എന്തു ചെയ്യണമെന്നറിയാതെ തലയില്‍ കൈവെച്ചുപോയി. നിസ്സഹായവസ്ഥയുടെ അങ്ങേയറ്റമായിരുന്നു അത്. വീണതിന്റെ ആഘാതത്തില്‍ നടുവേദന തുടങ്ങി. നടക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇടറിവീണു. പിന്നീട് ഇഴഞ്ഞുനീങ്ങി സാറ്റലൈറ്റ് ഫോണിനടുത്തെത്തി അപകടത്തില്‍പട്ടെ വിവരം ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതരെ അറിയിക്കുകയായിരുന്നു.

ആ 70 മണിക്കൂറില്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. കുടുംബത്തെക്കുറിച്ചോ സ്വന്തം ജീവനെക്കുറിച്ചോ ആശങ്കപ്പെട്ടില്ല. ഓരോന്ന് ആലോച്ചിച്ചുകൂട്ടിയാല്‍ അത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. വര്‍ഷങ്ങളായുള്ള കടല്‍യാത്ര പഠിപ്പിച്ചുതന്ന പാഠമാണത്. 

abhilash tomy
അഭിലാഷിന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

നിലവില്‍ ഐ.എന്‍.എസ് സത്പുരയില്‍ ഇന്ത്യയിലേക്കുള്ള യാത്രയിലാണ് അഭിലാഷ്. ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് അഭിലാഷിനെ സത്പുരയില്‍ കടല്‍മാര്‍ഗം ഇന്ത്യയിലെത്തിക്കും. ഒക്ടോബര്‍ പകുതിയോടെ അഭിലാഷ് ജന്മനാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. വീട്ടില്‍ തിരിച്ചെത്തിയ ശേഷം രണ്ട് കാര്യങ്ങളാണ് അഭിലാഷിന്റെ മുന്നിലുള്ളത്. ആദ്യം ആരോഗ്യം വീണ്ടെടുക്കണം. രണ്ടാമത്തെ കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെ അഭിലാഷ് പറഞ്ഞു; 'വീണ്ടും കടലിലൂടെയുള്ള യാത്ര തുടങ്ങണം'. 

Content Highlights: Abhilash Tomy  first interview after being rescued