Photo: AP
ന്യൂയോര്‍ക്ക്: ചൈനയില്‍ നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്റുകളും റദ്ദാക്കി അന്താരാഷ്ട്ര വനിതാ ടെന്നീസ് സംഘടനയായ ഡബ്ല്യു.ടി.എ. മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ടെന്നീസ് താരം പെങ് ഷുവായിയുടെയും മറ്റ് വനിതാ താരങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഡബ്ല്യു.ടി.എ പുതിയ തീരുമാനം കൈക്കൊണ്ടത്.
ഡബ്ല്യു.ടി.എയുടെ ഈ ധീരമായ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് പല പ്രമുഖരും രംഗത്തെത്തി. എന്നാല്‍ ചൈനയില്‍ വെച്ച് നടത്താനിരുന്ന ടൂര്‍ണമെന്റുകള്‍ റദ്ദാക്കുന്നതോടെ വലിയ സാമ്പത്തിക ബാധ്യത ഡബ്ല്യു.ടി.എയ്ക്ക് നേരിടേണ്ടി വരും.
പെങ് ഷുവായിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഡബ്ല്യു.ടി.എയുടെ പുതിയ തീരുമാനത്തിന് പ്രധാന കാരണമായത്. ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവോലിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിനേത്തുടര്‍ന്ന് മൂന്നാഴ്ചയോളം പെങ് ഷുവായിയെ കാണാതായിരുന്നു. 'പെങ്ങ് ഷുവായ് എവിടെ' എന്ന ഹാഷ്ടാഗില് വലിയൊരു ക്യാമ്പെയ്ന് നടത്തി ടെന്നീസ് താരങ്ങള്‍ രംഗത്തെത്തിയതോടെ സംഭവം ആളിപ്പടര്‍ന്നു.
പിന്നീട് പെങ് സുരക്ഷിതയാണെന്നറിഞ്ഞതോടെയാണ് വിവാദം കെട്ടടങ്ങിയത്. നവംബര്‍ രണ്ടിന് സമൂഹ മാധ്യമമായ വെയ്ബോയിലൂടെയാണ് സാങ്ങിനെതിരേ പെങ് ആരോപണം ഉന്നയിച്ചത്. പോസ്റ്റ് വെയ്ബോ ഉടന്‍ നീക്കം ചെയ്തെങ്കിലും അത് വന്‍ വിവാദത്തിലേക്ക് വഴിവെച്ചു. 2018-ല്‍ വിരമിച്ച 75 കാരനായ സാങ് ഇപ്പോള്‍ രാഷ്ട്രീയരംഗത്തില്ല.
Content Highlights: WTA suspends all tennis tournaments in China over Peng Shuai safety concerns
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..