ലോസ് ആഞ്ജലീസ്: വേള്‍ഡ് റസ്ലിങ് എന്റര്‍ടെയിന്‍മെന്റിന്റെ റസ്ലിങ് താരം ലൂക്ക് ഹാര്‍പ്പര്‍ അന്തരിച്ചു. 41 വയസ്സായിരുന്നു. ജോണ്‍ ഹ്യൂബര്‍ എന്നാണ് ഹാര്‍പ്പറുടെ യഥാര്‍ഥ പേര്. ബ്രോഡി ലീ എന്ന പേരിലും താരം അറിയപ്പെട്ടിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് ഹാര്‍പ്പര്‍ ലോകത്തോട് വിടപറഞ്ഞത്.

നിലവില്‍ ഓള്‍ എലൈറ്റ് റസ്ലിങ്ങിലാണ് താരം പങ്കെടുത്തുകൊണ്ടിരുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ യും സഹതാരങ്ങളും ഹാര്‍പ്പറിന് ആദരാഞ്ജലികളുമായി എത്തി. ഡബ്ല്യു.ഡബ്ല്യു.ഇയില്‍ വ്യാട്ട് ഫാമിലി എന്ന ടീമിലാണ് താരം ആദ്യമായി അരങ്ങേറ്റം കുറിയ്ക്കുന്നത്. ബ്രേയ് വ്യാട്ട് നയിച്ച ടീമില്‍ ഹാര്‍പ്പറും എറിക്ക് റോവാനും ബ്രൗണ്‍ സ്‌ട്രോമാനും അംഗങ്ങളായിരുന്നു. ഇവര്‍ അണ്ടര്‍ടേക്കര്‍, കെയിന്‍, ഡാനിയല്‍ ബ്രയാന്‍, ജോണ്‍സീന തുടങ്ങിയവര്‍ക്കെതിരേ മത്സരിച്ചിട്ടുണ്ട്. 

പിന്നീട് വ്യാട്ട് ഫാമിലിയില്‍ നിന്നും വേര്‍പെട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തുടങ്ങിയ ഹാര്‍പ്പര്‍ 2014-ല്‍ ഇന്റര്‍ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി.

Content Highlights: Wrestling universe mourns death of former WWE superstar Luke Harper