Photo: twitter.com/FIDE_chess
ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയില്‍ തുടക്കം. 187 രാജ്യങ്ങളിലെ ചെസ് താരങ്ങളാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. പാകിസ്താന്റെ പുരുഷ, വനിതാ ടീമുകളും മത്സരിക്കുന്നു. ഓഗസ്റ്റ് 10 വരെ നീളുന്ന ചെസ് ഒളിമ്പ്യാഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിതെളിക്കും. 30 അംഗ ഇന്ത്യന്‍ ടീമാണ് പങ്കെടുക്കുന്നത്.
വമ്പന്‍ യുദ്ധസന്നാഹങ്ങളുമായാണ് ആതിഥേയരായ ഇന്ത്യ നാല്‍പ്പത്തിനാലാം ലോക ചെസ് ഒളിമ്പ്യാഡിന്റെ തിരുക്കടല്മല്ലൈയിലെ (മഹാബലിപുരത്തെ) പോരാട്ടവേദിയിലേക്കിറങ്ങുന്നത്. അംഗബലത്തിലും പോരാട്ടവീര്യത്തിലും കരുത്തിലും ഇന്ത്യ ഇത്തവണ ഏറെ മുന്നിലാണ്.
ചരിത്രത്തിലാദ്യമായി ഒരു ആതിഥേയരാഷ്ട്രം ചെസ് ഒളിമ്പ്യാഡില്‍ ആറു ടീമുകളെ മെഡല്വേട്ടയ്ക്കായി അണിനിരത്തിയിരിക്കുന്നു, ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും മൂന്ന് ഇന്ത്യന്‍ ടീമുകള്‍ വീതം.
ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രഥമ ടീം യു.എസ്.എ.യ്ക്ക് പിന്നില്‍ രണ്ടാം സീഡാണ്. ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ വിശ്വനാഥന് ആനന്ദ് ആണെന്നതും സ്വന്തം നാട്ടിലാണ് കളിക്കുന്നത് എന്നതും ഇന്ത്യന്‍ ടീമുകളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഇരട്ടസ്വര്‍ണവും കൂടുതല്‍ മെഡലുകളുമായിരിക്കും ഇന്ത്യന്‍ സ്വപ്നം. അതോടൊപ്പം നാരായണനിലും നിഹാലിലും കേരളത്തിന്റെ പ്രതീക്ഷകള്‍ നിലകൊള്ളുന്നു. ചെസ് ഒളിമ്പ്യാഡില്‍ മലയാളി താരങ്ങളായ എസ്.എല്‍. നാരായണനും നിഹാല്‍ സരിനും മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ നാരായണന് ഇന്ത്യ എ ടീമിലും തൃശ്ശൂര്‍ സ്വദേശിയായ നിഹാല്‍ ബി ടീമിലും മത്സരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..