താഷ്‌കെന്റ്: ഇന്ത്യന്‍ ബോക്‌സിങ് താരങ്ങളായ വികാസ് കൃഷ്ണ, ശിവ ഥാപ്പ, സുമിത് സാങ്വാൻ , അമിത് ഫങ്കല്‍ എന്നിവര്‍ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തിയാണ് നാലു പേരും ലോകചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. സെമിയിലെത്തിയതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മെഡൽ ഉറപ്പിക്കുകയും ചെയ്തു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2013ല്‍ സ്വര്‍ണവും 2015ല്‍ വെങ്കലവും നേടിയിരുന്നു. വികാസ് കൃഷ്ണയാകട്ടെ, 2015ല്‍ വെള്ളിമെഡലും നേടി. ചൈനീസ് താരം ഫെന്‍കായി യുവിനെ പരാജയപ്പെടുത്തിയാണ് സുമിത് സെമിയിലെത്തിയത്. 4-1നായിരുന്നു സുമിതിന്റെ വിജയം. 

ഇൻഡൊനീഷ്യയുടെ കൊര്‍നെലിസിനെയാണ് അമിത് പരാജയപ്പെടുത്തിയത്. ചൈനീസ് തായ്‌പെയിയുടെ ചു എന്‍ ലേയെ ശിവ ഥാപ്പ തോല്‍പ്പിച്ചപ്പോള്‍ ഇൻഡൊനീഷ്യയുടെ ബ്രാമ ബെട്ടാബൂവിനെതിരെയായിരുന്നു വികാസ് കൃഷ്ണയുടെ വിജയം.