നീരജ് ചോപ്ര, എൽദോസ് പോൾ, രോഹിത് യാദവ് എന്നിവർ | Photo: AP, AFP
യൂജിന്‍ (അമേരിക്ക): ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ച ഇന്ത്യയ്ക്ക് പ്രതീക്ഷകളുടെ ദിവസമാണ്. ജാവലിന്‍ ത്രോയില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി സൂപ്പര്‍ താരം നീരജ് ചോപ്ര, ട്രിപ്പിള്‍ ജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടവുമായി മലയാളി താരം എല്‍ദോസ് പോള്‍. ജാവലിന്‍ ഫൈനലില്‍ ഇടംകണ്ടെത്തിയ മറ്റൊരു ഇന്ത്യന്‍ താരം രോഹിത് യാദവ് എന്നിവരെല്ലാം ഫൈനല്‍ മത്സരത്തിനായി കളത്തിലിറങ്ങുന്നത് ഞായറാഴ്ചയാണ്.
സര്‍പ്രൈസ് എല്‍ദോസ്
പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ 16.68 മീറ്റര്‍ മറികടന്നാണ് എല്‍ദോസ് പോള്‍ ഫൈനലില്‍ എത്തിയത്. ഈയിനത്തില്‍ ലോക അത്ലറ്റിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി എല്‍ദോസ്. യോഗ്യതാ റൗണ്ടിലെ എ ഗ്രൂപ്പില്‍ മത്സരിച്ച 25-കാരന് ആ ഗ്രൂപ്പില്‍ ആറാമനായി. ഏപ്രിലില്‍ തേഞ്ഞിപ്പലത്തുനടന്ന ഫെഡറേഷന് കപ്പില്‍ 16.99 മീറ്റര്‍ ചാടിയതാണ് എല്‍ദോസിന്റെ മികച്ച ദൂരം. യൂജിനില്‍ അതിനോട് കിടപിടിക്കുന്ന പ്രകടനം പുറത്തെടുക്കാനായി. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 6.30-നാണ് പുരുഷ ട്രിപ്പിള്‍ ജമ്പ് ഫൈനല്‍.
മെഡലിനടുത്ത് നീരജ്
ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ എന്ന പ്രതീക്ഷയ്ക്കനുസരിച്ച പ്രകടനവുമായാണ് നീരജ് ചോപ്ര ഫൈനലിലേക്ക് കുതിച്ചത്. ടോക്യോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നത് ആദ്യം.
ഗ്രൂപ്പ് എ യോഗ്യതാറൗണ്ടിലെ ആദ്യ ത്രോയില്‍ നീരജ് 88.39 മീറ്റര്‍ എറിഞ്ഞ് ഫൈനലിന് യോഗ്യത ഉറപ്പിച്ചു. അതിനാല്‍ പിന്നീടുള്ള രണ്ടു ത്രോകള്‍ എറിഞ്ഞില്ല. ''ഇത് നല്ല തുടക്കമാണ്. ഫൈനലില്‍ എന്റെ നൂറു ശതമാനവും പുറത്തെടുക്കും. ഓരോ ദിവസവും വ്യത്യസ്തമാണ്. എന്റെ പരമാവധി കഴിവ് പുറത്തെടുക്കാനാണ് ഓരോ മത്സരത്തിലും ശ്രമിക്കുന്നത്.'' - നീരജ് പറഞ്ഞു. കഴിഞ്ഞമാസം 89.30, 89.94 എന്നിങ്ങനെ എറിഞ്ഞ നീരജ് സ്വന്തം റെക്കോഡ് പുതുക്കിയിരുന്നു. കരിയറിലെ മൂന്നാമത്തെ മികച്ച ദൂരമാണ് യൂജിനില്‍ കുറിച്ചത്. ഗ്രൂപ്പ് എ-യില്‍ മികച്ച ദൂരവും നീരജിന്റേതായിരുന്നു. ഞായറാഴ്ച രാവിലെ 7.05-നാണ് പുരുഷ ജാവലിന്‍ ഫൈനല്‍.
രോഹിത് യാദവും ഫൈനലില്‍
നീരജ് ചോപ്രയ്ക്ക് പിന്നാലെ ഇന്ത്യയുടെ 21-കാരനായ രോഹിത് യാദവും പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തി. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ തന്റെ ആദ്യ ശ്രമത്തില്‍ 80.42 മീറ്റര്‍ എറിഞ്ഞാണ് ഉത്തര്‍പ്രദേശുകാരനായ താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏതെങ്കിലും ഒരിനത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തുന്നത് ഇതാദ്യമാണ്. തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഫൈനല്‍ ഉറപ്പിക്കാനായത് രോഹിത്തിന്റെ നേട്ടമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..