Photo: AP
യൂജിന്‍: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത ഉറപ്പാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മീറ്റര്‍ നീരജ് മറികടക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ഫൈനല്‍.
89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. 93.07 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് മുന്നില്‍ നില്‍ക്കുന്നു. 2019 ദോഹ ചാമ്പ്യന്‍ഷിപ്പിലെ ജേതാവുകൂടിയാണ് ആന്‍ഡേഴ്സന്‍. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ചാണ് (90.88 മീറ്റര്‍) രണ്ടാമത്. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ 85.23 മീറ്ററാണ് വാദ്ലെച്ച് എറിഞ്ഞത്. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (89.54 മീറ്റര്‍) നാലാമതുണ്ട്. തന്റെ മികച്ചദൂരം കണ്ടെത്താനായാല്‍ നീരജിന് മെഡല്‍ പ്രതീക്ഷിക്കാമെന്ന് ഇന്ത്യന്‍ സംഘം കണക്കുകൂട്ടുന്നു.
കഴിഞ്ഞവര്‍ഷം ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ചോപ്ര ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് കുറച്ചുകാലം മത്സരരംഗത്തുനിന്ന് മാറിനിന്നെങ്കിലും കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ നടന്ന പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തി. തുടര്‍ന്ന് സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് ഒരിക്കല്‍ക്കൂടി റെക്കോഡ് മെച്ചപ്പെടുത്തി ഉജ്ജ്വല ഫോമിലാണെന്ന് തെളിയിച്ചു.
രോഹിത് യാദവും ഫൈനലില്‍
നീരജ് ചോപ്രയ്ക്ക് പിന്നാലെ ഇന്ത്യയുടെ 21-കാരനായ രോഹിത് യാദവും പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തി. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ തന്റെ ആദ്യ ശ്രമത്തില്‍ 80.42 മീറ്റര്‍ എറിഞ്ഞാണ് താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏതെങ്കിലും ഒരിനത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തുന്നത് ഇതാദ്യമാണ്.
തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഫൈനല്‍ ഉറപ്പിക്കാനായത് രോഹിത്തിന്റെ നേട്ടമാണ്.
Content Highlights: World Athletics Championships 2022 Neeraj Chopra qualifies for final
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..