Photo: AFP
യൂജിന്‍: മുത്താസ് ഇസ ബര്‍ഷിമിനെ ഓര്‍മയില്ലേ? ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ഹൈജമ്പില്‍ ഇറ്റലിയുടെ ജിയാന്മാര്ക്കോ ടംബേരിയുമായി സ്വര്‍ണം പങ്കിട്ടുകൊണ്ട് അത്ലറ്റിക്സില് സൗഹൃദത്തിന്റെ പുതുമയാര്‍ന്ന കഥ രചിച്ച ഖത്തറിന്റെ അഭിമാനതാരമാണ് ബര്‍ഷിം. യൂജിനിലും ഹൈജമ്പില്‍ ഒന്നാമനായി ലോക അത്ലറ്റിക്സില് തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമണിഞ്ഞ ബര്‍ഷിം മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഹൈജമ്പില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായി.
ചൊവ്വാഴ്ച 2.37 മീറ്റര്‍ ചാടിക്കടന്നാണ് ഒന്നാമനായത്. ദക്ഷിണ കൊറിയയുടെ സങ്യോക് വൂ (2.35 മീറ്റര്‍) വെള്ളിയും യുക്രൈനിന്റെ ആന്‍ഡ്രി പ്രോട്സെങ്കോ (2.33 മീറ്റര്‍) വെങ്കലവും നേടി.
ടോക്യോ ഒളിമ്പിക്സിലും 2019 ദോഹ ലോക ചാമ്പ്യന്‍ഷിപ്പിലും 2.37 മീറ്റര്‍ മറികടന്നാണ് സ്വര്‍ണം നേടിയത്. 2017 ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2.35 മീറ്റര്‍ ചാടിക്കടന്ന് ഒന്നാമനായി.
ടോക്യോ ഒളിമ്പിക്സിലെ ഫൈനലില്‍, ഇറ്റലിയുടെ ടംബേരിയും ബര്‍ഷിമും ആദ്യ ശ്രമത്തില്‍ 2.37 മീറ്റര്‍ ചാടി. എന്നാല്‍, 2.39 രണ്ടുപേര്‍ക്കും ക്ലിയര്‍ ചെയ്യാനായില്ല. ഇതോടെ, ഞങ്ങളെ സംയുക്ത വിജയികളാക്കാന്‍ കഴിയുമോ എന്ന ബര്‍ഷിമിന്റെ ചോദ്യം അന്ന് മാധ്യമങ്ങള്‍ ഏറ്റെടുത്തു. രണ്ടു രാജ്യത്തെ താരങ്ങള്‍ സ്വര്‍ണം പങ്കിടാന്‍ സമ്മതിക്കുന്നത് അപൂര്‍വമാണ്. യൂജിനില്‍ 2.33 മീറ്റര്‍ ചാടിയ ടംബേരി നാലാമനായി.
വനിതകളുടെ 1500 മീറ്ററില്‍ കെനിയയുടെ ഫെയ്ത്ത് കിപ്യേഗണ് (മൂന്നുമിനിറ്റ് 52.96 സെ.) സ്വര്‍ണവും ഗുദാഫ് സേഗെ (3:54.52 സെ.) വെള്ളിയും ലൗറ മ്യുര് (3: 55.28) വെങ്കലവും നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..